കൊടുമൺ: കൊടുമൺ പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ തകർച്ചയിലായത് യാത്ര ദുഷ്കരമാക്കുന്നു.പ്രധാന പാതകളും അനുബന്ധ പാതകളും പൂർണമായും തകർന്ന് നാമവശേഷമായ നിലയിലാണ്.മാസങ്ങളായി തകർന്ന് കിടക്കുന്ന പാതകളിൽ അറ്റകുറ്റപണികൾ പോലും നടത്താത്തത് വൻ പ്രതിഷേധങ്ങൾക്കിടയാക്കിയിരിക്കുകയാണ്.
ആനന്ദ പളളി-കൊടുമൺ, പറക്കോട് - ചിരണിക്കൽ, കൊടുമൺ- പുതുമല - തേപ്പുപാറ റോഡ്, അങ്ങാടിക്കൽ- ഒറ്റത്തേക്ക്, ചന്ദന പള്ളി - ഒറ്റത്തേക്ക് - നെടുമൺകാവ് റോഡ്, മണിമലമുക്ക് - വയണ കുന്ന്, ഒറ്റത്തേക്ക് കൂടൽ തുടങ്ങിയ പ്രധാന പാതകളിലെല്ലാം ടാറിംഗ് പൂർണമായും ഇളകി മാറി വൻകുഴികളാണ് രൂപപെട്ടിരിക്കുന്നത്. കാൽനട യാത്രക്കാർക്കും ദുരിതമായിരിക്കുകയാണ്.
വാഹന ഗതാഗതത്തെ ബാധിച്ചു.
ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓട്ടം വിളിച്ചാൽ വരാൻ മടിക്കുന്നു. നിരവധി സ്കൂൾ ബസുകളടക്കം തകർന്ന പാതകളിലൂടെയാണ് ദിനവും കടന്ന് പോകുന്നത്.
സീബ്രാലൈനുകളും സിഗ്നൽ ലൈറ്റുകളുമില്ല
പഞ്ചായത്തിലെ നിരവധി വിദ്യാലയങ്ങൾ റോഡരികിലായാണ് സ്ഥിതി ചെയ്യുന്നത്. രാവിലെയും വൈകുന്നേരവും റോഡ് മുറിച്ച് കടക്കുന്ന വിദ്യാർത്ഥികൾക്ക് സീബ്രാലൈനുകളില്ലാത്തതിനാൽ അപകടം സംഭവിക്കുവാൻ സാദ്ധ്യതകളേറെയാണ്. മിക്ക ദിവസങ്ങളിലും ഗതാഗത കുരുക്കിലമരുന്ന കൊടുമൺ കവലയിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കുവാനും നടപടിയായില്ല. നിരവധി ശബരിമല തീർത്ഥാടകർ ആശ്രയിക്കുന്ന ഏഴംകുളം - കൈപ്പട്ടൂർ പാതയിലെ ദിശാ സൂചന ബോർഡുകൾ കാട്കയറി മറഞ്ഞ നിലയിലായതിനാൽ അന്യസംസ്ഥാനത്ത് നിന്നുമെത്തുന്ന തീർത്ഥാടകരെ ഏറെ വലയുന്നു.
വഴിവിളക്കളും മിഴിയടച്ചു
റോഡുകളുടെ ശോചനീയാവസ്ഥക്കൊപ്പം വഴിവിളക്കുകൾ കൂടി മിഴിയടച്ചതോടെ ദുരിതം ഇരട്ടിയായി.കാട്ട് പന്നിയാക്രമണം നിരന്തരമായി ഉണ്ടാകുന്ന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെളിച്ചമില്ലാത്തത് മൂലം സന്ധ്യയാകുന്നതോടെ റോഡിലൂടെ സഞ്ചരിക്കുവാൻ ജനം മടിക്കുകയാണ്.
ജിബു ആലുവിളയിൽ (പ്രദേശവാസി )
പൊതുജനങ്ങളുടെ ദുരിതമകറ്റാൻ ഇനിയെങ്കിലും അധികാരികൾ തയാറാകണം"