ചെങ്ങന്നൂർ: കാൽ നൂറ്റാണ്ടിലേറെക്കാലമായി തരിശുകിടന്ന ആന്മുള പഞ്ചായത്തിലെ കുറിച്ചിമുട്ടം പാടശേഖരം കൃഷിക്ക് ഒരുങ്ങുന്നു. ഏക്കറുക്കണക്കിന് വിസ്തൃതിയുള്ള കാടുപിടിച്ചുകിടന്ന പാടം പ്രാഥമികമായി വെട്ടിത്തെളിച്ച് നിലമൊരുക്കുന്ന ജോലികളാണ് നടന്നുവരുന്നത്. കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ പ്രദേശത്തെ കർഷകരെ സംഘടിപ്പിച്ച് പാടശേഖരസമിതികൾ രൂപീകരിച്ച് വിപുലമായ നെൽ കൃഷിക്കാണ് തയാറെടുക്കുന്നത്. ജില്ലയിലെ തന്നെ വിശാലമായ പാടശേഖരങ്ങളിലൊന്നാണ് കുറിച്ചിമുട്ടം പാടശേഖരവും സമീപത്തുതന്നെയുള്ള നീർവിളാകം പാടശേഖരവും മുളക്കുഴ പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന ചെറ്റാൽ, പിരളശേരി പാടശേഖരവും. വിസ്തൃതമായ ഈ ഭൂപ്രദേശം നെൽകൃഷിക്ക് ഒരുങ്ങുന്നതറിഞ്ഞ് ആഹ്ലാദത്തിലാണ് പ്രദേശത്തെ കർഷകരും തൊഴിലാളികളും. കോട്ട, ആറന്മള റോഡിലും വല്ലന, ചെങ്ങന്നൂർ റോഡിലും ഇരുവശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഈ പുഞ്ചകൾ തളിരണിയുന്നതോടെ ലഭിക്കുന്ന പച്ചപ്പും സമൃദ്ധിയുമാണ് കർഷകരുടെ പ്രതീക്ഷ.