പമ്പ:നിലയ്‌ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും ജൻറം എ.സി ബസിൽ ഒാൺലൈൻ ടിക്കറ്റെടുത്ത അയ്യപ്പൻമാരെ നോൺ എ.സി. ബസിൽ കയറ്റി വിട്ട് കെ.എസ്.ആർ.ടി.സി നടത്തുന്ന ചൂഷണത്തിൽ പ്രതിഷേധം ശക്തമായി. രാത്രി ദർശനം കഴിഞ്ഞ് പമ്പയിലെത്തിയ അയ്യപ്പൻമാർ മടങ്ങിപ്പോകാൻ എ.സി ബസ് ഇല്ലാതെ ഇന്നലെ രാവിലെ രണ്ടു മണിക്കൂറിലേറെ കുടുങ്ങി. ഇവർ പ്രതിഷേധിച്ചതിനെ തുടർന്ന് നിലയ്‌ക്കലിൽ നിന്ന് എ.സി. ബസ് വിളിച്ചു വരുത്തി സർവീസ് നടത്തി. ബസ് സമയത്ത് വിടാതിരുന്നതിനാൽ ചെങ്ങന്നൂർ, തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഉച്ചയ്ക്കു മുൻപായി എത്തേണ്ടിയിരുന്ന അയ്യപ്പൻമാർ വൈകി. ടിക്കറ്റ് റിസർവ് ചെയ്തവർക്ക് ട്രെയിൻ കിട്ടിയില്ല
എ.സി ബസിന് ഇരുവഴിക്കുമുളള ടിക്കറ്റ് ചാർജ് 150രൂപയാണ്. ഇൗ ടിക്കറ്റുമായി പമ്പയിലെത്തിയ അയ്യപ്പൻമാരെ നോൺ എ.സിയിലും സ്പെഷ്യൽ സർവീസ് ബസിലും നിർബന്ധിച്ചു കയറ്റിവിടാൻ ശ്രമിച്ചത് എതിർപ്പിനിടയാക്കി. പ്രതിഷേധം കനത്തതോടെയാണ് എ.സി. ബസ് വരുത്തിയത്. നിലയ്‌ക്കൽ - പമ്പ നോൺ എ.സിക്ക് എൺപതും സെപ്ഷ്യൽ സർവീസിന് നാൽപ്പതും രൂപയാണ് ടിക്കറ്റ് ചാർജ്.
നിലയ്ക്കൽ - പമ്പ എ.സി ബസ് രണ്ട് മിനിട്ട് ഇടവിട്ട് സർവീസ് നടത്തുമെന്നായിരുന്നു കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി നിലയ്ക്കലിൽ അറിയിച്ചത്. 38 എ.സി ബസുകൾ എത്തിക്കുകയും ചെയ്‌തു. എന്നാൽ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം കുറച്ചു. സീറ്റ് തികയുമ്പോൾ മാത്രമാണ് പമ്പയിലേക്ക് എ.സി സർവീസ് നടത്തുന്നത്.
രണ്ടു ദിവസമായി എ. സി ബസ് ഇല്ലാത്തതിനെച്ചൊല്ലി അയ്യപ്പൻമാർ പമ്പയിൽ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം പമ്പയിലെത്തിയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ കണ്ട് പരാതിപ്പെട്ടിരുന്നു. ഉടനെ ബസ് അയയ്‌ക്കാൻ കൺട്രോളിംഗ് ഇൻസ്പെക്ടറെ വിളിച്ചുവരുത്തി കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇന്നലെയും സ്ഥിതിയിൽ മാറ്റമുണ്ടായില്ല.