ശബരിമല: വലിയ നടപ്പന്തലിൽ തീർത്ഥാടകർക്ക് വിരിവയ്ക്കുന്നതിനുൾപ്പെടെയുള്ള നിയന്ത്രണം ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഭാഗികമായി നീക്കിയെന്ന ഐ.ജി വിജയ് സാക്കറെയുടെ പ്രഖ്യാപനം കോടതിയുടെ കണ്ണിൽ പൊടിയിടാൻ മാത്രം.
ചൊവ്വാഴ്ച രാത്രിയിലും ഇന്നലെ വൈകിട്ട് വരെയും ഒരു തീർത്ഥാടകനെപ്പോലും പ്രവേശിപ്പിക്കാതെ വലിയ നടപ്പന്തൽ പൂർണമായും പൊലീസ് നിയന്ത്രണത്തിൽ തന്നെയായിരുന്നു. ചൊവ്വാഴ്ച രാത്രി മുതൽ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയെന്നാണ് ഐ.ജി പ്രഖ്യാപിച്ചത്. എന്നാൽ അന്ന് രാത്രി 12 മണിയോടെ രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് നിയന്ത്രണം ഇല്ലാത്ത സ്ഥലങ്ങളിൽ കിടന്നുറങ്ങിയ അയൽ സംസ്ഥാന തീർത്ഥാടകർ ഉൾപ്പെടെയുള്ളവരെ ലാത്തികൊണ്ട് കുത്തി എഴുന്നേല്പിച്ചു വിട്ടു. ഇത് പമ്പയിലും ആവർത്തിച്ചു. ശബരിമലയുടെ തീർത്ഥാടക ചരിത്രം മുതൽ ഭക്തർ വിരിവയ്ക്കുന്ന സ്ഥലമാണ് മാളികപ്പുറം ക്ഷേത്രത്തിന് മുന്നിലെ താഴത്തെ മുറ്റം. നെയ്യഭിഷേക ക്യൂവിൽ കയറാൻ എളുപ്പമായതിനാലാണ് ഇവിടം തിരഞ്ഞെടുക്കുന്നത്. അഞ്ഞൂറിലധികം ഭക്തർക്ക് ഇവിടെ വിരിവച്ചുറങ്ങാം. സുരക്ഷാമേഖലയിൽ ഉൾപ്പെടുത്താത്ത ഇടമാണിവിടം. നിരോധനാജ്ഞ നിലനിൽക്കേ വി. മുരളീധരൻ എം.പിയുടെ നേതൃത്വത്തിൽ വടേക്ക നടയിലും മറ്റൊരു സംഘം മാളികപ്പുറം ക്ഷേത്രത്തിന് മുന്നിലെ സ്ഥലത്തും ചൊവ്വാഴ്ച രാത്രിയിൽ നാമജപം നടത്തിയിരുന്നു. എം.പി ഉള്ളതിനാൽ പൊലീസ് ആരെയും നീക്കം ചെയ്യാൻ മുതിർന്നില്ല. ഇതിന്റെ പകതീർത്തത് പാവം തീർത്ഥാടകരോടാണ്. കുട്ടികളും പ്രായമുള്ളവരും ഉൾപ്പെടെയുള്ളവരെയാണ് അർദ്ധരാത്രിയിൽ നീക്കിയത്. കാതങ്ങൾ താണ്ടി മലകയറി ദർശനത്തിന് ശേഷം തളർന്നുറങ്ങിയ ഇവർ പിന്നീട് ഇരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു. വലിയ നടപ്പന്തലിലും കിടന്നുറങ്ങാൻ പാടില്ലെന്നാണ് പൊലീസ് നിർദ്ദേശം. വലിയ നടപ്പന്തലിലേക്കുള്ള വാതിൽ അടച്ചിട്ട് പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്. നടപ്പന്തലിൽ ഷീൽഡും ഹെൽമറ്റും ധരിച്ച പൊലീസ് കാവലുണ്ട്. പ്രായമായവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും മാത്രമേ ഇവിടേക്ക് പ്രവേശനം അനുവദിക്കൂ. സംഘമായി എത്തുന്നവർ കുട്ടികളെയും പ്രായമുള്ളവരെയും മാത്രമായി ഇവിടെ കൊണ്ടുവിടില്ല. മഹാകാണിക്കയിലേക്കുള്ള വഴിയും തുറന്ന് കൊടുത്തിട്ടില്ല. ദിവസം100 - 120 ചാക്ക് അരിയും പണവും ഉൾപ്പെടെയുള്ള കാണിക്ക ലഭിക്കുന്ന സ്ഥാനത്ത് ചിത്തിര ആട്ടത്തിരുന്നാൾ ഉൾപ്പെടെ ഏഴ് ദിവസം ലഭിച്ചത് കേവലം 34 കൊട്ട കാണിക്കയാണ്. ഇതോടെ ദേവസ്വം ബോർഡിന്റെ വരുമാനത്തിലും വലിയകുറവാണ് ഉണ്ടാകുന്നത്.