sarga

പത്തനംതിട്ട: സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സർഗവിദ്യാലയം പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി. മെഴുവേലി ചന്ദനക്കുന്ന് എസ്.എം.എസ്.ജി.യു.പി സ്‌കൂളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി പദ്ധതി ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.തങ്കമ്മ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ സർഗപരമായ കഴിവുകൾ വികസിപ്പിക്കാനും നൂതനപ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതിയാണ് സർഗവിദ്യാലയം. അക്കാദമിക മുന്നേറ്റത്തിനു സഹായകമായതും, പുതിയ കണ്ടെത്തലുകൾക്ക് വഴിയൊരുക്കുന്നതുമായ പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഏറ്റെടുക്കുന്നത്. പുതിയ പഠനതന്ത്രങ്ങൾ, വിലയിരുത്തൽ രീതികൾ, രക്ഷിതാക്കളുമായി കുട്ടികളുടെ പഠനനിലവാരം പങ്കിടാൻ പുതിയ രീതികൾ തുടങ്ങിയവ വികസിപ്പിക്കും. പ്രാദേശിക പാഠങ്ങൾ രൂപപ്പെടുത്തൽ, കുട്ടികളുടെ സ്വയംപഠനശേഷി വികസിപ്പിക്കൽ, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള അനുരൂപീകരണ പ്രവർത്തനങ്ങൾ തയാറാക്കൽ, ഇതര സംസ്ഥാന വിദ്യാർത്ഥികളുടെ സവിശേഷമായ ആവശ്യങ്ങൾ പരിഗണിച്ചുള്ള പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കൽ, അധ്യാപക മികവിനായി ആധുനിക സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തൽ, ഗവേഷണ പ്രവർത്തനങ്ങൾ, സമൂഹവിഭവത്തെ അക്കാദമിക മികവിനായി ഉപയോഗപ്പെടുത്തൽ തുടങ്ങി നിരവധി പ്രവർത്തന പരിപാടികൾ സർഗവിദ്യാലയം പദ്ധതിയിലൂടെ ഇക്കൊല്ലം വിദ്യാലയങ്ങൾ ഏറ്റെടുക്കും. ജില്ലയിലെ ഒരു വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തിലാണ് വിദ്യാലയങ്ങളുടെ പദ്ധതി നിർദ്ദേശങ്ങൾ തെരഞ്ഞെടുത്തത്. ജില്ലയിലെ 22 വിദ്യാലയങ്ങൾക്ക് ഇതുപ്രകാരം 10000 രൂപവീതം സമഗ്രശിക്ഷ പത്തനംതിട്ട നൽകും. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണകുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം വിനീത അനിൽ, മെഴുവേലി പഞ്ചായത്ത് വൈസ്പ്രസിഡന്റ് എൻ.സുലോചന, സമഗ്രശിക്ഷ കേരളയുടെ കൺസൾട്ടന്റ് ഡോ.ടി.പി കലാധരൻ, ജില്ലാ പ്രോജക്ട് ഓഫീസർ ഡോ.ആർ.വിജയമോഹനൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പത്മകുമാരി.ഇ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഡി.രഘുപ്രസാദ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഓർഡിനേറ്റർ രാജേഷ്.എസ്, ജില്ലാ പ്രോഗ്രാം ഓഫീസർ എ.പി.ജയലക്ഷ്മി, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സുജമോൾ.എസ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് സിന്ധു ഭാസ്‌കർ, എസ്.എം.സി ചെയർമാൻ അനിൽ.ആർ എന്നിവർ സംസാരിച്ചു.