തിരുവല്ല: വൈ.എം.സി.എ - റെയിൽവേസ്‌റ്റേഷൻ റോഡിൽ പൈപ്പ് മാറ്റിയിടീൽ ജോലികൾ യാത്ര ദുസഹമാക്കി. കറ്റോടു പമ്പ് ഹൌസിൽ നിന്നും നഗരത്തിലെ വാട്ടർ അതോറിറ്റിയുടെ ജലശുദ്ധീകരണ ശാലയിലേക്ക് വെള്ളം എത്തിക്കുന്ന ഭാഗങ്ങളിൽ പുതിയ ഡി.ഐ പൈപ്പ് സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. റോഡിന്റെ ഒരുവശം പൂർണമായി മാന്തിയെടുത്ത് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗീകമായി തടസപ്പെട്ടിരിക്കുകയാണ്. നഗരത്തിലെ തിരക്കിൽ നിന്നൊഴിവാക്കി റെയിൽവേ സ്റ്റേഷൻ,കുറ്റപ്പുഴ, ആമല്ലൂർ, തീപ്പനി, എന്നിവിടങ്ങളിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ എത്തിചേരാവുന്ന വഴിയാണിത്. ഇതിനിടെ പെയ്ത മഴയിൽ റോഡാകെ കുളമായി. കഴിഞ്ഞദിവസം രാവിലെ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് അരിയുമായെത്തിയ ലോറി തീപ്പനി ഓവർബ്രിഡ്ജിന് താഴെ പൈപ്പിട്ട് മൂടിയ കുഴിയിൽ താണു. ഏറെനേരം പണിപ്പെട്ടാണ് ലോറി പിന്നീട് ഉയർത്തിയത്. രാത്രിയിലും ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത് അപകടസാദ്ധ്യത ഏറുകയാണ്. കഴിഞ്ഞദിവസം തീരുമെന്നായിരുന്നു ജല അതോറിറ്റി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ പൈപ്പുകൾ യോജിപ്പിച്ചു എങ്കിലും ബാക്കി ജോലികൾ തീർന്നിട്ടില്ല. പൈപ്പ് പണി പൂർത്തിയാക്കിയാലും ഉടനടി തന്നെ റോഡ് ടാർ ചെയ്തില്ലെങ്കിൽ ഇനിയും വൻ അപകടസാദ്ധ്യത ഇവിടെ നിലനിൽക്കുകയാണ്. ജല അതോറിറ്റി അധികൃതർ കുഴി മൂടുന്നുണ്ടെങ്കിലും വലിയ വാഹനങ്ങൾക്ക് സഞ്ചാരയോഗ്യമാക്കാൻ നല്ല രീതിയിൽ റോഡ് ടാർ ചെയ്താൽ മാത്രമേ കഴിയുകയുള്ളു. ഒരാഴ്ചയിലേറെയായി പ്രദേശത്ത് ശുദ്ധജല വിതരണവും മുടങ്ങിയിരിക്കുകയാണ്. യാത്രക്കാരുടെയും നാട്ടുകാരുടെയും ദുരിതം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.