ശബരിമല: ഭക്തരെ മാറ്റിനിറുത്താനുള്ള മാസ്റ്റർ പ്ളാനാണ് ശബരിമലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി പൊൻ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ദർശനത്തിനെത്തിയ മന്ത്രി സന്നിധാനത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പൂങ്കാവനത്തിൽ ശരണംവിളിക്കാൻ പോലും ഭക്തർ ഭയപ്പെടുന്നു. ശബരിമലയിൽ മുൻപ് കേട്ടിരുന്നത് കൂട്ടംതെറ്റി പിരിയരുതെന്നാണ്. ഇപ്പോൾ കേൾക്കുന്നത് കൂട്ടം കൂടരുതെന്നും. പതിനെട്ടാം പടി കയറുന്നതിന് ആളില്ലാത്ത അവസ്ഥയാണിപ്പോൾ. ആകെയുള്ളത് പൊലീസുകാർ മാത്രം, ഭക്തരില്ല. ഇൗ സ്ഥിതികൾക്കെല്ലാം കാരണം സംസ്ഥാന സർക്കാരാണ്. തീർത്ഥാടന മേഖലയിലെ നിരോധനാജ്ഞ അനാവശ്യമാണ്. നിലയ്ക്കലിൽ ഒരു എസ്.പി എന്നോട് ചോദിച്ചത് ശബരിമലയിൽ സംഭവിക്കുന്നതിന്റെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കാമോ എന്നാണ്. സംസ്ഥാനത്തെ മുഖ്യമന്ത്രിയോടായിരുന്നെങ്കിൽ എസ്.പി യതീഷ്ചന്ദ്ര ഇത്രയും ശബ്ദമുയർത്തി സംസാരിക്കുമായിരുന്നോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു.
കേരളത്തിന്റെ മാത്രമല്ല ശബരിമല. രാജ്യത്തെ മുഴുവൻ ഭക്തൻമാർക്കും അവിടെ തൊഴുതുമടങ്ങാനുള്ള സൗകര്യം ഉണ്ടാകണം. മുൻ വർഷങ്ങളിൽ ദർശനത്തിന് എത്തുമ്പോഴുള്ള സമാധാനം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.പി യതീഷ്ചന്ദ്രയെ അടിയന്തരമായി നിലയ്ക്കലിലെ ചുമതലയിൽ നിന്ന് മാറ്റാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.