isro-

തിരുവല്ല: 105 വർഷം പഴക്കമുള്ള തങ്ങളുടെ നാട്ടിലെ സർക്കാർ സ്‌കൂളിനെ പുനരുദ്ധരിച്ച ഐ.എസ്.ആർ. ഒയെ കുറ്റൂരുകാർ ഒരിക്കലും മറക്കില്ല. അത്രയേറെ ആഘോഷങ്ങളോടെയാണ് സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അവരൊന്നാകെ ഏറ്റെടുത്തത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.എസ്.ആർ.ഒ ആൻട്രിക്സ് കോർപ്പറേഷൻ കെട്ടിടം നിർമ്മിച്ചു നൽകിയ സംസ്ഥാനത്തെ ഏക സ്‌കൂളാണ് കുറ്റൂർ പാണ്ടിശേരിഭാഗം ഗവ.എൽ.പി.സ്‌കൂൾ. കോർപ്പറേഷന്റെ സി.എസ്.ആർ. സ്‌കീം മുഖേന 16 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടു സ്മാർട് ക്ലാസ് മുറികൾ നിർമ്മിച്ചത്. സ്‌കൂളിലെ പഴയ കെട്ടിടങ്ങളിൽ സ്മാർട് ക്ലാസ് മുറി സജ്ജമാക്കാൻ കഴിയാതിരുന്ന സാഹചര്യത്തിൽ പി.ടി.എയുടെ നേതൃത്വത്തിൽ കുറ്റൂർ നിവാസിയും ആൻട്രിക്സ് കോർപ്പറേഷൻ ഉന്നത ഉദ്യോഗസ്ഥയുമായ സുജ ഏബ്രഹാമിന് അപേക്ഷ നൽകിയത്. ഇതേതുടർന്നാണ് ഫണ്ട് അനുവദിച്ചു കെട്ടിടം നിർമ്മാണം പൂർത്തിയാക്കി സമർപ്പിച്ചത്. ആൻട്രിക്സ് കോർപ്പറേഷൻ സി.എം.ഡി രാകേഷ് ശശിഭൂഷൺ കെട്ടിടത്തിന്റെ സമർപ്പണം നടത്തി. കംമ്പൂട്ടറുകളുടെ കൈമാറ്റം സുജ ഏബ്രഹാം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്‌ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസർ ഡോ.ആർ.വിജയമോഹൻ, ഡി.ഡി.ഇ പി.എ.ശാന്തമ്മ, ഹെഡ്മിസ്ട്രസ് പി.ഉഷാകുമാരി, ഷാജി കെ.ആന്റണി, ചെറിയാൻ സി.തോമസ്, ഇ.എം.പ്രസാദ്, പ്രസന്ന സതീഷ്, ഷാജി എ.സലാം, മറിയാമ്മ ജോസഫ്, വി.ആർ.രാജേഷ്, ടി.കെ.സുകുമാരൻ, പരമേശ്വരൻ പിള്ള, ദിലീപ് കുമാർ, ഗോപി.പി.ഒ അശോക് കുമാർ എന്നിവർ സംസാരിച്ചു. കോർപ്പറേഷൻ ഉന്നത ഉദ്യോഗസ്ഥരായ ബി.കെ.രംഗനാഥ്‌, സി.ടി.ആഞ്ജനേയൻ, പ്രകാശ് ദാമോദരൻ, ബോസ് എസ് എന്നിവരെ ആദരിച്ചു.