അടൂർ: മുണ്ടപ്പള്ളി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ബഡ്ജറ്റ് പൊതുയോഗം വൈ. എം. സി. എ. ഹാളിൽ സംഘം പ്രസിഡന്റ് മുണ്ടപ്പള്ളി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ടി. മുരുകേഷ് ബ്ലോക്ക് പഞ്ചായത്തംഗം ആശാ ഷാജി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു, ഡയറി എക്സ്റ്റൻഷൻ ആഫീസർ മാത്യു വർഗീസ്, ഡയറി ഫാം ഇൻസ്പെക്ടർ സജി പി. വിജയൻ, മിൽമാ സൂപ്പർവൈസർ പി. ഗോപകുമാർ, ഡോ. വിഷ്ണു ദത്ത്, പെരിങ്ങനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രവീന്ദ്രക്കുറുപ്പ്, ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് വിജയകുമാരി എന്നിവർ പ്രസംഗിച്ചു. കർഷകർക്കും വിദ്യാർത്ഥികൾക്കും സമ്മാനങ്ങളും ക്യാഷ് അവാർഡും വിതരണം നടത്തി. പി. നരേന്ദ്രനാഥൻ നായർ സ്വാഗതവും സംഘം സെക്രട്ടറി എൻ. മീര നന്ദിയും പറഞ്ഞു.
പ്രവർത്തനവർഷം സംഘം ആഡിറ്റ് എയിൽ എത്തുകയും പ്രതിദിനം പ്രതിദിനം 850 ലിറ്റർ പാൽ സംഭരിക്കുകയും ചെയ്യുന്നു. സ്വന്തമായി ഭൂമി വാങ്ങി പുൽകൃഷി ആരംഭിക്കുകയും കെട്ടിട നിർമ്മാണത്തിനുള്ള ഭൂമി വാങ്ങുകയും ചെയ്തു. മിൽമയുടെ സഹായത്തോടെ കൃഷിക്കാർക്കും എല്ലാ ദിവസവും ഡോക്ടറുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്. അപകട മരണത്തിന് 5 ലക്ഷം രൂപയും സാധാരണ മരണത്തിന് രണ്ട് ലക്ഷം രൂപയും കുടുംബാംഗങ്ങൾക്ക് ഉൾപ്പെടെ ചികിത്സയും ഉരുക്കൾക്ക് നഷ്ടപരിഹാരവും ഉറപ്പു വരുത്തുന്ന സർക്കാരും ക്ഷേമനിധി ബോർഡും ചേർന്ന ആരംഭിക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ സംഘം പങ്കാളിയായിട്ടുണ്ട്. 2019-20 വർഷത്തേക്ക് 12 ലക്ഷം രൂപാ ലാഭവും 15981310 രൂപാ വരവും 14744000 രൂപാ ചെലവും വരുന്ന ബഡ്ജറ്റും യോഗം അംഗീകരിച്ചു.