photo
ഓച്ചിറ ശ്രീനാരായണ മഠത്തിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സഹോദരൻ അയ്യപ്പൻ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ എന്നിവർ സമീപം.

കരുനാഗപ്പള്ളി: കേരളത്തിൽ സവർണാധിപത്യം കൊടികുത്തിവാണിരുന്ന കാലഘട്ടത്തിൽ വിശാലമായ മനുഷ്യാവകാശത്തിന് വേണ്ടി പോരാടിയ ധീരനായ പോരാളിയും ശ്രീനാരായണ ഗുരുദേവന്റെ തേരാളിയുമായിരുന്നു സഹോദരൻ അയ്യപ്പനെന്ന് എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സഹോദരൻ അയ്യപ്പൻ എന്ന വിഷയത്തെ അസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൂത്രശാലികളായ നേതാക്കൾ വർഗീയതയുടെ മറവിൽ രാഷട്രീയ പ്രവർത്തനം നടത്തുന്ന കാലഘട്ടമാണിത്. എന്നാൽ ഇതെല്ലാം നിഷേധിക്കപ്പട്ട കാലഘട്ടത്തിൽ സഹോദരൻ അയ്യപ്പനെ പോലെയുള്ള സാമൂഹ്യ പരിഷ്കർത്താക്കൾ തുല്യനീതീക്ക് വേണ്ടിയുള്ള പോരാട്ടം അന്നേ തുടങ്ങിയിരുന്നു. ജാതി സംവരണത്തിലൂടെ മാത്രമേ തുല്യനീതി നടപ്പാക്കാൻ കഴിയുവെന്ന് അദ്ദേഹം മനസിലാക്കി. എല്ലാവർക്കും തുല്യനീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിന് അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു. ജാതിയും മതവും നോക്കാതെ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും തുല്യനീതി ലഭിക്കണം. എല്ലാവർക്കും അവകാശങ്ങൾ തുല്യമായി വീതിക്കണമെന്ന ആവശ്യവും അദ്ദേഹം അധികാരേന്ദ്ര കേന്ദ്രങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി. സമരങ്ങളിൽ സ്ഫുടം ചെയ്തെടുത്ത ജീവിതമായിരുന്നു സഹോദരൻ അയ്യപ്പന്റേതെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷ വഹിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ ആമുഖ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ ആർ.പ്രേമചന്ദ്രൻ, യോഗം ബോർഡ് മെമ്പർ‌ കെ.ജെ പ്രസേനൻ, യൂണിയൻ കൗൺസിലർമാരായ കള്ളേത്ത് ഗോപി, ക്ലാപ്പന ഷിബു, കളരിക്കൽ സലിംകുമാർ,ബി.കമലൻ, വനിതാസംഘം സെക്രട്ടറി മധുകുമാരി, കൺവീനർ കാർത്തികേയൻ, ബാബുരാജ്, ലാൽകുമാർ, രവീന്ദ്രൻഗോപാലൻ, ചന്ദ്രാംഗദൻ, രാജൻ, മുരളീധരൻ, സുനിൽകുമാർ, ജയപ്രകാശ്, ഭാർഗവൻ, സുനിൽ, തുളസി എന്നിവർ സംസാരിച്ചു.