ചെങ്ങന്നൂർ: ഉദ്ഘാടനം കഴിഞ്ഞ് നാല് വർഷമായിട്ടും മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ തുറക്കാതെ കിടന്ന വനിതാ വിശ്രമകേന്ദ്രത്തിന് ശാപമോഷമാകുന്നു. കേന്ദ്രത്തിന്റെ നടത്തിപ്പ് വൈ.ഡബ്യു.സി.എയെ ഏൽപ്പിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. വൈകാതെ കേന്ദ്രം പ്രവർത്തിച്ച് തുടങ്ങും.17 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കേന്ദ്രം 2014 ഫെബ്രുവരി 24 നാണ്
കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തത്. നഗരത്തിലെത്തുന്ന വനിതകൾക്ക് വിശ്രമിക്കാനും ശുചിമുറി സൗകര്യം ഉപയോഗിക്കാനുമാണ് നഗരസഭാ ഓഫീസിന് സമീപം കെട്ടിടം നിർമിച്ചത്. നാലു മുറികളിലായി എട്ടു വനിതകൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. നാലു ശുചിമുറികളും.
ചെങ്ങന്നൂരിലെ സർക്കാർ ഓഫീസുകളിൽ ജീവനക്കാരായി ദൂരദേശങ്ങളിൽ നിന്ന് വരുന്നതും വിവിധ പരിശീലനങ്ങൾക്ക് എത്തുന്നതുമായ വനിതകൾക്ക് കുറഞ്ഞ കാലയളവിലേക്ക് താമസസൗകര്യം ഒരുക്കുകയായിരുന്നു സമുച്ചയം നിർമ്മിച്ചതിന്റെ ലക്ഷ്യം.ട്രെയിനിലും ബസിലും എത്തുന്ന ദീർഘദൂര യാത്രക്കാരികൾക്കും വിശ്രമ കേന്ദ്രം സഹായകമായേനെ.
ഉദ്ഘാടനം നടന്നെങ്കിലും തുടർനടപടികൾ വൈകിയതോടെ കെട്ടിടം ലക്ഷ്യ പ്രാപ്തിയിൽ എത്തിയില്ല. വയോമിത്രം പദ്ധതിയുടെ മരുന്നുകൾ സൂക്ഷിക്കാനുള്ള
സ്റ്റോറാക്കി വിശ്രമകേന്ദ്രത്തെ മാറ്റി. മൂന്ന് വർഷത്തേക്ക് വാടക അടിസ്ഥാനത്തിൽ കരാർ നടപടികൾ പൂർത്തിയാക്കി വൈകാതെ കെട്ടിടം വൈ.ഡബ്ല്യു.സി.എ ഏറ്റെടുക്കും.
വനിതാ വിശ്രമകേന്ദ്രം
നിർമാണ ചെലവ്: 17ലക്ഷം
ഉദ്ഘാടനം നടന്നത്: 2014 ഫെബ്രുവരി 24ന്
4 മുറികൾ, 8വനിതകൾക്ക് താമസ സൗകര്യം, 4 ശുചിമുറികൾ