ശബരിമല : പമ്പയിലേക്കുള്ള യാത്രാ നിയന്ത്രണം നീക്കിയതോടെ ശബരിമലയിലേക്കുള്ള തീർത്ഥാടകർക്കും ഉണർവായി. പ്രതീക്ഷിക്കുന്ന സമയത്ത് ദർശനം നടത്താനാകുന്നതിനാൽ വരും ദിവസങ്ങളിൽ തീർത്ഥാടകർ വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. രാത്രി എട്ട് കഴിഞ്ഞ് തീർത്ഥാടകർക്ക് ശബരിമലയിലേക്കുണ്ടായിരുന്ന വിലക്കും കെ.എസ്.ആർ.ടി.സി ബസുകൾ രാത്രി എട്ടോടെ നിലയ്‌ക്കലിൽ സർവീസ് അവസാനിപ്പിച്ചതുമെല്ലാം പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
നിലയ്‌ക്കലിലെയും പമ്പയിലെയും നിയന്ത്രണം തീർത്ഥാടകരെ ബുദ്ധിമുട്ടിച്ചിരുന്നു. കെ.എസ്.ആർ.ടി.സിയിൽ ഒാൺലൈൻ ടിക്കറ്റെടുത്തവർക്കും ട്രെയിൻ റിസർവേഷൻ ചെയ്‌തെത്തിയവർക്കും ഇത് ഇരുട്ടടിയുമായി. നിയന്ത്രണങ്ങൾ നീക്കിയതോടെ ക്യൂ നിൽക്കാതെ പതിനെട്ടുപടിയും തൊട്ടുതൊഴുത് കയറാനും ദർശനം നടത്താനുമാകും. രണ്ടും മൂന്നും തവണ ദർശനം നടത്തുന്നവരുമുണ്ട്.
35 വർഷം തുടർച്ചയായി വന്നിട്ടും ആദ്യമായാണ് തിരക്കില്ലാതെ ദർശനം നടത്താൻ കഴിഞ്ഞതെന്ന് കോഴിക്കോട് സ്വദേശി നാരായണൻ പറഞ്ഞു. ചെറുമകനുൾപ്പെടെ പത്തംഗസംഘമാണ് എത്തിയത്. നാട്ടിൽ നിന്ന് വരുമ്പോൾ പേടിയുണ്ടായിരുന്നു. ഇവിടെ എത്തിയപ്പോൾ അതെല്ലാം മാറി. നാരായണൻ തുടർന്നു.
എന്നാൽ ഹൈക്കോടതി നിർദ്ദേശമുണ്ടായിട്ടും വലിയ നടപ്പന്തലുൾപ്പെടെയുള്ള ഭാഗങ്ങളിലെ നിയന്ത്രണം പൊലീസ് മാറ്റിയിട്ടില്ല. ഇവിടെ ആരെയും പ്രവേശിപ്പിക്കാതെ നടപ്പന്തലിന്റെ വശത്തുള്ള മേൽപാലത്തിലൂടെയാണ് ഭക്തരെ പമ്പയിലേക്കയയ്‌ക്കുന്നത്. ഇതിന്റെ അടിവശത്ത് കഴിഞ്ഞ ദിവസം ഏതാനും ഭക്തർക്ക് വിരിവയ്‌ക്കാൻ അനുമതി കൊടുത്തതൊഴിച്ചാൽ നടപ്പന്തൽ പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്.