pon-radhakrishnan

പമ്പ:ശബരിമല ദർശനം കഴിഞ്ഞ് പമ്പയിൽ നിന്ന് ഇന്നലെ പുലർച്ചെ ഒന്നേകാലോടെ മടങ്ങിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണന്റെ അകമ്പടി വാഹനം പൊലീസ് തടഞ്ഞു പരിശോധിച്ചതും വിവാദമായി. മന്ത്രി ശബരിമലയ്‌ക്ക് വരുന്നവഴി നിലയ്‌ക്കലിൽ എസ്.പി. യതീഷ് ചന്ദ്ര അപമാനിച്ചെന്ന ആക്ഷേപം ഉയർന്ന് മണിക്കൂറുകൾക്കകമാണ് ഈ സംഭവം. പൊൻ രാധാകൃഷ്ണനെ എസ്.പി ആക്ഷേപിച്ചതിൽ പ്രതിഷേധിച്ച് കന്യാകുമാരി ജില്ലയിൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തു.

മന്ത്രിയുടെ അകമ്പടി വാഹനത്തിൽ യുവതീ പ്രവേശനത്തിനെതിരായ പ്രതിഷേധക്കാർ ഉണ്ടെന്ന സംശയത്തെ തുടർന്ന് ത്രിവേണിയിലും കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് മുന്നിലുമായിരുന്നു പരിശോധന. ഔദ്യോഗിക വാഹനത്തിൽ മുമ്പേ പോയ മന്ത്രിയും ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനും വിവരമറിഞ്ഞ് മടങ്ങിയെത്തി പൊലീസിനോട് വിശദീകരണം തേടി.

അതേസമയം,​ എസ്.പി യതീഷ്ചന്ദ്രയ്ക്കെതിരേ കേന്ദ്രരഹസ്യാന്വേഷണ വിഭാഗം കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകി. പ്രോട്ടോക്കോളിൽ ഏറെ താഴെയുള്ള എസ്.പി, കേന്ദ്രമന്ത്രിയോട് അപമര്യാദ കാട്ടിയെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചെന്നുമാണ് റിപ്പോർട്ട്.

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണനോട് എസ്.പി യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള ഇന്നലെ കേന്ദ്ര പഴ്സണൽ മന്ത്രി ജിതേന്ദ്ര സിംഗിന് പരാതി നൽകി. ബി. ജെ. പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികലയ്‌ക്കും എതിരായ പൊലീസ് നടപടിയെ പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനും അദ്ദേഹം പരാതി നൽകി.

ദർശനം കഴിഞ്ഞ് വ്യാഴാഴ്‌ച പുലർച്ചെ പമ്പയിൽ എത്തിയ മന്ത്രി പൊൻ രാധാകൃഷ്‌ണനും എ.എൻ.രാധാകൃഷ്ണനും ഔദ്യോഗിക വാഹനത്തിൽ കയറി പോയി. മന്ത്രിക്ക് ഒപ്പം വന്ന ബി.ജെ.പി. മാദ്ധ്യമ കോർഡിനേറ്റർ ആർ. സന്ദീപും റാന്നി മണ്ഡലം പ്രസിഡന്റ് ഷൈൻ ജി. കുറുപ്പും കന്യാകുമാരിയിൽ നിന്ന് വന്ന നേതാക്കളും നടന്ന് പമ്പാ മണൽപ്പുറത്ത് എത്തി. അവിടെ വെച്ച് സന്ദീപിനെ പൊലീസ് ചോദ്യം ചെയ്തു. പേര് തെറ്റായി പറഞ്ഞെന്നും സമരക്കാരുടെ ദൃശ്യത്തിൽ ഉണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. ഇതിനിടെ എത്തിയ വാഹനത്തിൽ സന്ദീപും മറ്റുള്ളവരും കയറി. ഇതേ വാഹനം ത്രിവേണിയിൽ പൊലീസ് തടഞ്ഞു പരിശോധിച്ചു വിട്ടു. വീണ്ടും ദൃശ്യം പരിശോധിച്ച പൊലീസ് ബസ് സ്റ്റാൻഡിന് മുന്നിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കും വണ്ടി തടയാൻ നിർദ്ദേശം നൽകുകയായിരുന്നു.

അപ്പോഴേക്കും മന്ത്രി പോയി ഏഴ് മിനിറ്റ് പിന്നിട്ടിരുന്നു. എസ്.ഐ. ഫോണിലെ ഒരു ഫോട്ടോ കാണിച്ചു. അത് ഷൈനിന്റേതായിരുന്നു. ഇതിനിടെ മന്ത്രിയുടെ വാഹനത്തിലുണ്ടായിരുന്ന എ.എൻ.രാധാകൃഷ്ണനെ ഫോണിൽ വിവരം അറിയിച്ചു. മന്ത്രിയുടെ വാഹനം മടങ്ങിവന്നു. പിന്നാലെ എസ്.പിയുമെത്തി.മന്ത്രിയും രാധാകൃഷണനും വാഹന പരിശോധനയെ ചോദ്യം ചെയ്‌തു. മന്ത്രിയുടെ ആവശ്യപ്രകാരം എസ്.പി. ഹരിശങ്കർ നടന്ന സംഭവങ്ങൾ എഴുതി നൽകി. മന്ത്രിക്കുണ്ടായ അസൗകര്യത്തിൽ ഖേദം അറിയിച്ചു.