കോന്നി: കോന്നി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെ കരിങ്കൊടി കാണിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. നിയോജക മണ്ഡലം സെക്രട്ടറിമാരായ രതീഷ് കണിയാംപറമ്പിൽ, വി.ആർ. രഞ്ജിത്ത്, പ്രവർത്തകൻ വിനോദ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. പ്രമാടം മണ്ഡലം സെക്രട്ടറി നിഖിൽ ചെറിയാൻ, പ്രവർത്തകൻ പ്രസാദ് മറ്റപ്പള്ളി എന്നിവരെ കരുതൽ തടങ്കലിലെടുത്തിരുന്നു
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മന്ത്രിയെ കോന്നി ടൗണിൽ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുമ്പോൾ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി ചാടിവീണു. ഇവരെ ഉടൻ അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റിലായവരെയും കസ്റ്റഡിയിലായിരുന്നവരെയും വൈകിട്ട് ജാമ്യത്തിൽ വിട്ടു.