പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയിൽ അൻപത്തിരണ്ടുകാരിയെ ആക്രമിച്ച കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ ഡിസംബർ ആറ് വരെ പതിന്നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഗൂഢാലോചനയും വധശ്രമവും ഉൾപ്പെടുത്തി ജാമ്യമില്ലാ വകുപ്പ് ചേർത്താണ് കേസ് ചാർജ് ചെയ്തത്.
സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് റാന്നി ഗ്രാമ ന്യായാലയം പരിഗണിക്കും. കെ. സുരേന്ദ്രന് പുറമേ ബി.ജെ.പി നേതാവ് വി.വി. രാജേഷ്, ആർ.എസ്.എസ്. നേതാവ് വത്സൻ തില്ലങ്കേരി, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവർക്കെതിരെയും സമാന സംഭവത്തിൽ കേസെടുത്തിരുന്നു.
നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച കേസിൽ ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിൽ രണ്ട് മാസത്തേക്ക് പ്രവേശിക്കരുതെന്ന ഉപാധിയോടെ സുരേന്ദ്രന് ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസിൽ വാറണ്ടുള്ളതിനാൽ കൊട്ടാരക്കര സബ് ജയിലിൽ നിന്നു ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. വൻ പൊലീസ് സുരക്ഷയിലാണ് സുരേന്ദ്രനെ ഇന്നലെ രാവിലെ റാന്നി കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗികരിച്ചില്ല. കൊട്ടാരക്കര ജയിലിൽ അടിസ്ഥാനസൗകര്യങ്ങൾ കുറവായതിനാൽ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. കെ. സുരേന്ദ്രന് വേണ്ടി കെ. ഹരികുമാറും പ്രോസിക്യൂഷന് വേണ്ടി കിരണും ഹാജരായി.
ഇത് കള്ളക്കേസ്: കെ. സുരേന്ദ്രൻ
റാന്നി: തനിക്ക് എതിരെ കള്ളക്കേസാണുള്ളതെന്ന് കെ. സുരേന്ദ്രൻ റാന്നിയിൽ കോടതിയിൽ ഹാജരായശേഷം മടങ്ങവെ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. എവിടെയോ പ്രസംഗിച്ചു എന്നതിന്റെ പേരിലാണ് ഒരു കേസ്. സി.പി.എമ്മിലെ കൊടും ക്രിമിനലുകൾ കഴിയുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ കിടത്താനാണ് മുഖ്യമന്ത്രി പിണറായി ഉൾപ്പെടെയുള്ളവരുടെ ശ്രമം. തങ്ങളെ ജയിലിൽ അടച്ചാൽ യുവതികളെ ശബരിമലയിൽ കയറ്റാമെന്ന മോഹം നടക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.