ശബരിമല: നിയന്ത്രണങ്ങളിൽ അയവുണ്ടായതോടെ തീർത്ഥാടകരുടെവരവ് കൂടിയിട്ടും പുല്ലുമേട് കാനനപാത ഇനിയും ഉണർന്നില്ല. ഇന്നലെ വരെ ഇതുവഴി എത്തിയത് 395 പേർ മാത്രം. കഴിഞ്ഞ സീസണിൽ ഇതേ ദിവസം എത്തിയവർ ആയിരത്തിലേറെ. നിയന്ത്രണം ഏർപ്പെടുത്തിയതിലൂടെ തീർത്ഥാടകരുടെ വരവിലുണ്ടായ കുറവ് ഇൗ പാതയിൽ ഇപ്പോഴും പ്രകടമാണ്. കഴിഞ്ഞ സീസണിൽ അരലക്ഷത്തോളം തീർത്ഥാടകർ ഇതുവഴി ശബരിമലയിൽ എത്തിയിരുന്നു. പൂർണമായും വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാത തമിഴ്നാട്ടിലെ കമ്പം, തേനി, മധുര എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരുടെയും ഇടുക്കി ജില്ലയിൽ നിന്നുളളവരുടേയും ഇഷ്ടവഴിയാണ്. കിലോമീറ്ററുകൾ ചുറ്റി മുണ്ടക്കയം, എരുമേലി വഴി പമ്പയിൽ എത്തുന്നതിനേക്കാൾ വളരെവേഗം സന്നിധാനത്ത് എത്തിച്ചേരാമെന്നതിനാൽ പുല്ലുമേടുവഴിയുള്ള തീർത്ഥാടകരുടെ എണ്ണം അടുത്ത കാലത്തായി കൂടിയിരുന്നു. മലകയറ്റത്തിന്റെ കാഠിന്യവും ഒഴിഞ്ഞുകിട്ടും. കുമളി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ നിന്ന് സത്രം വരെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹന സൗകര്യമുണ്ട്. സത്രത്തിൽ നിന്ന് അഞ്ചര കിലോമീറ്റർ സഞ്ചരിച്ചാൽ ഉപ്പുപാറയിലും ഏഴ് കിലോമീറ്റർ ഇറക്കമിറങ്ങിയാൽ ശബരിമലയിലും എത്താം. പുല്ലുമേട് വരെയുണ്ടായിരുന്ന ഗതാഗതാസൗകര്യം മുമ്പുണ്ടായ ദുരന്തത്തോടെയാണ് സത്രംവരെയായി ചുരുക്കിയത്. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമേ ഇപ്പോൾ സത്രത്തിൽ നിന്ന് തീർത്ഥാടകരെ ശബരിമലയിലേക്ക് കടത്തിവിടൂ.

പ്രകൃതിസൗഹൃദ തീർത്ഥാടനം

പൂർണമായും പ്രകൃതിസൗഹൃദ തീർത്ഥാടനമാണ് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്. കാട്ടുമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന പ്രദേശമെന്നതിനാൽ പ്ളാസ്റ്റിക് കുപ്പികളോ സഞ്ചികളോ പ്ളാസ്റ്റക്കിൽ പൊതിഞ്ഞ മറ്റ് സാധനങ്ങളോ കടത്തിവിടില്ല. ഇവ വനംവകുപ്പ് തന്നെ സത്രത്തിൽ ശേഖരിച്ചശേഷം തുണിസഞ്ചികൾ സൗജന്യമായി നൽകിവരുന്നു. പെരിയാർ കടുവാ സംരക്ഷണ കേന്ദ്രമെന്നതിനാൽ വനംവകുപ്പിന്റെ കനത്തജാഗത്രയും ഇൗ പാതയുടെ പ്രത്യേകതയാണ്. രണ്ട് മണിക്ക് ശേഷം എത്തുന്നവർക്ക് സത്രത്തിൽ തങ്ങുന്നതിനുള്ള സൗകര്യം ദേവസ്വം ബോർഡും ഏർപ്പെടുത്തിയിട്ടുണ്ട്.

ചുക്കുവെള്ള വിതരണം

തീർത്ഥാടക ക്ഷേമം കണക്കിലെടുത്ത് വനംവകുപ്പ് സത്രം, സീതക്കുഴി, സീറോ പോയിന്റ്, ഉപ്പുപാറ, കഴുതക്കുഴി എന്നിവിടങ്ങളിൽ സൗജന്യമായി ചുക്കുവെള്ളം വിതരണം ചെയ്യുന്നുണ്ട്. പുല്ലുമേട്ടിൽ ലഘുഭക്ഷണശാലയും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും സേവനവുമുണ്ട്. ഒപ്പം വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമും ഏതുസമയവും സേവനവുമായി പാതയിലുണ്ട്. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമേ ശബരിമലയിൽ നിന്ന് മടങ്ങുന്നവരെയും പാണ്ടിത്താവളത്തിൽ നിന്ന് കടത്തിവിടൂ.

തീർത്ഥാടകരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് സേവനം കൂടുതൽ മെച്ചപ്പെടുത്തും.

സി.കെ.ഹാബി,

അസി. ഡയറക്ടർ

പെരിയാർ ടൈഗർ റിസേർവ്