ശബരിമല : വ്യാഴാഴ്ച രാത്രി സംഘം ചേർന്ന് സന്നിധാനത്ത് നാമജപം നടത്തിയതിന് കണ്ടാലറിയാവുന്ന 100 പേർക്കെതിരെ സന്നിധാനം പൊലീസ് കേസെടുത്തു. നിരോധനാജ്ഞ നിലനിൽക്കേ നിയമവിരുദ്ധമായി സംഘം ചേർന്ന് കളക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് കേസ്. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇതിലേറെയുമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, വി. മുരളീധരൻ എം.പി എന്നിവർ പങ്കെടുത്ത രണ്ട് നാമജപത്തിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുത്തിട്ടില്ല. ചൊവ്വാഴ്ച രാത്രിയാണ് വി. മുരളീധരൻ നാമജപത്തിൽ പങ്കെടുത്തത്. അന്ന് ഒരു സംഘം മാളികപ്പുറം ക്ഷേത്രത്തിന് മുന്നിൽ താഴെ മുറ്റത്തും വി. മുരളീധരൻ ഉൾപ്പെടെയുള്ളവർ വടക്കേനടയ്ക്ക് സമീപവും നാമജപം നടത്തി. ബുധനാഴ്ചയും ഇതേ സ്ഥലങ്ങളിൽ നാമജപം നടന്നു. വടക്കേ നടയുടെ ഭാഗത്താണ് പൊൻ രാധാകൃഷ്ണനും എ.എൻ. രാധാകൃഷ്ണനും പങ്കെടുത്തത്. കഴിഞ്ഞ ആറ് ദിവസവും നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിൽ നാമജപം നടന്നു.