പമ്പ: പാെലീസ് നിയന്ത്രണത്തിനും സംഘർഷാവസ്ഥയ്ക്കും അയവ് വന്നതോടെ ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം തുടങ്ങി. ഇന്നലെ മാത്രം അര ലക്ഷത്തോളം അയ്യപ്പൻമാരെത്തി. വൈകിട്ട് 7വരെ 43,420 തീർത്ഥാടകർ മലകയറിയെന്നാണ് പൊലീസിന്റെ കണക്ക്. മണ്ഡലപൂജയ്ക്ക് നട തുറന്ന ശേഷം കൂടുതൽ തീർത്ഥാടകർ എത്തിയത് കാർത്തിക ദിവസമായ ഇന്നലെയാണ്. ഉച്ചകഴിഞ്ഞ് കനത്ത മഴ പെയ്‌തെങ്കിലും തീർത്ഥാടകരുടെ വരവിനു കുറവുണ്ടായില്ല.
സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് അയ്യപ്പൻമാരുടെ വരവിനെ ബാധിച്ചിരുന്നു. നടവരവിൽ വൻ തോതിൽ കുറവുമുണ്ടായി. ആന്ധ്ര, തെലുങ്കാന, കർണാടകം എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ദർശനത്തിനെത്തുവരിൽ അധികവും. 'ഗജ' ചുഴലിക്കാറ്റും പ്രളയവും തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ കുറയാൻ മറ്റൊരു കാരണമായി.
വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള ഭക്തരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. ഗണപതി ക്ഷേത്രത്തോടു ചേർന്ന് ആഞ്ജനേയ ഒാഡിറ്റോറിയത്തിലാണ് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവരുടെ രേഖകൾ പരിശോധിക്കുന്നത്. പ്രളയത്തിൽ പമ്പയിലെ രാമമൂർത്തി മണ്ഡപം ഒഴുകിപ്പാേയതോടെയാണ് പരിശോധന ഇവിടേക്ക് മാറ്റിയത്.
തീർത്ഥാടകരുടെ എണ്ണം:
(16 മുതൽ 23 വരെ)
16: 20,843. 17: (ഹർത്താൽ ദിവസം) 2103. 18: 23,616. 19: 40,524. 20: 30,143 21: 25,855. 22: 31,706 23 (വൈകിട്ട് ഏഴ് വരെ): 43420
കെ.എസ്.ആർ.ടി.സിക്കും കോള്
തിരക്കു വർദ്ധിച്ചതോടെ കെ.എസ്.ആർ.ടി.സി നിലയ്ക്കൽ- പമ്പ ചെയിൻ സർവീസുകൾക്ക് കളക്‌ഷൻ കൂടി. വ്യാഴാഴ്ച മാത്രം 12.5 ലക്ഷം രൂപ ലഭിച്ചു. മുൻപുള്ള ദിവസങ്ങളിൽ പ്രതിദിന വരുമാനം ശരാശരി എട്ടര ലക്ഷമായിരുന്നു. ഇന്നലെ വൈകിട്ട് വരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് 530 ട്രിപ്പുകൾ നടത്തി. വ്യാഴാഴ്ച 389 ട്രിപ്പുകളാണ് നടത്തിയത്. 140 ജൻറം എ.സി, നോൺ എ.സി ബസുകളാണ് ചെയിൻ സർവീസ് നടത്തുന്നത്. തീരക്കേറുമ്പോൾ കൂടുതൽ എ.സി ബസുകൾ എത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.