ചെങ്ങന്നൂർ: പമ്പാനദിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ആസ്സാം സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. ആസ്സാം മുഹാബ് ജില്ലയിലെ നസ്സുറുദ്ദീൻ (26) ആണ് മരിച്ചത്. തിരുവൻവണ്ടൂർ ഇരമല്ലിക്കര തട്ടാ വിളക്കടവിലാണ് അപകടം സംഭവിച്ചത്. കുളിയ്ക്കിടയിൽ അക്കരെ ഇക്കരെ നീന്തുന്നതിനിടെ ഇയാൾ ഒഴുക്കിൽ പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വച്ച് നാട്ടുകാരെ വിവരമറിയിച്ചു. വിവരമറിഞ്ഞ് പൊലീസിനേയും ഫയർഫോഴ്‌സും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ആസ്സാമിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കു മുൻപാണ് ആലുവായിൽ നിന്നും നസ്സുറുദ്ദീൻ തിരുവൻവണ്ടൂർ കുത്തിയതോട് തെങ്ങുംപറമ്പിൽ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള കരിമ്പാട്ടു മില്ലിൽ ജോലിക്കായി എത്തിയത്.