ചെങ്ങന്നൂർ: ഭക്തിയുടെ നിറവിൽ നടന്ന ചക്കുളത്തുകാവ് പൊങ്കാല ചെങ്ങന്നൂരിനേയും യാഗശാലയാക്കി. ക്ഷേത്രത്തിന് കിലോമീറ്ററുകൾ അപ്പുറമുള്ള മുളക്കുഴ വരെ ജില്ലയിൽ ഭക്തർ പൊങ്കാലയിട്ടു. മുളക്കുഴ പഞ്ചായത്തു പടിയും പിന്നിട്ട് പാലം വരെ അടുപ്പു കൂട്ടിയിരുന്നു. തണലുള്ള ഭാഗങ്ങളിൽ വ്യാഴാഴ്ച തന്നെ കയർകെട്ടി പലരും സ്ഥലം പിടിച്ചിരുന്നു. വെള്ളിയാഴ്ച വെളുപ്പിനെ തന്നെ സ്ത്രീകൾ റോഡരികിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ഇഷ്ടികൾക്ക് പുറമെ സ്റ്റീൽ, കമ്പി അടുപ്പുകളും ഉണ്ടായിരുന്നു. വടശേരിക്കാവ് ദേവീക്ഷേത്രം, വണ്ടിമല ദേവസ്ഥാനം എന്നിവിടങ്ങളിലെ ക്ഷേത്രഭാരവാഹികൾ പൊങ്കാലയ്ക്ക് സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അന്നദാനവും കുടിവെള്ള വിതരണവുമായി വ്യക്തികളും സ്ഥാപനങ്ങളും രംഗത്തുണ്ടായിരുന്നു. പൊരിവെയിലത്ത് ദാഹിച്ചവർക്ക് സേവാഭാരതി, ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മ എന്നിവർ ഭക്ഷണവും വെള്ളവും നൽകി.