പഴകുളം: പതിനൊന്ന് വർഷം മുൻപ് തുടങ്ങിയ വീടുപണി ഇനിയും പൂർത്തീകരിക്കാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് പഴകുളം പന്നിവേലിക്കൽ മൈലാവിളയിൽ ഗോപാലകൃഷ്ണനും കുടുംബവും. 2007ൽ ബ്ലോക്ക് പഞ്ചായത്തിൽനിന്ന് വീട് നിർമാണത്തിന് 50000 രൂപ അനുവദിച്ചിരുന്നു. ഇതിൽ 37000 രൂപയാണ് കൈയ്യിൽ കിട്ടിയത്. ഈ തുകയും പശിലക്കെടുത്തും എല്ലാം രണ്ട് മുറിയും അടുക്കളയും ബാത്ത് റൂമും ഉള്ള വീടി കോൺക്രീറ്റ് നിരപ്പ് വരെ ഗോപാലകൃഷ്ണൻ എത്തിച്ചു. പക്ഷേ കോൺക്രീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. അന്നുമുതൽ വെയിലും മഴയും കൊണ്ട് കെട്ടിയിട്ട ഭിത്തിനശിക്കുകയാണ്.ഡിഗ്രിക്കും, പ്ലസ്ടുവിനും പഠിക്കുന്ന രണ്ട് പെൺമക്കൾ അടങ്ങിയ കുടുംബം പ്ലാസ്റ്റിക് ഷെഡിലാണ് ഇപ്പോൾ താമസം. വീടിന്റെ പൂർത്തീകരണ പദ്ധതിപ്രകാരം 50000 രൂപ പഞ്ചായത്തിൽ നിന്ന് ലഭിക്കും. അതുകൊണ്ട് പണിപൂർത്തീകരിക്കാൻ കഴിയില്ല. വാർഡ് മെമ്പർ അഖിൽ പെരിങ്ങനാടൻ മുൻകൈയ്യെടുത്ത് ചില ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പണി പൂർത്തീകരിക്കാൻ കഴിയാതെയും തുടങ്ങാൻ പോലും കഴിയാതെയും വീട് എന്നത് സ്വപ്നം മാത്രമായികണ്ട് കഴിയുന്ന നൂറ് കണക്കിനാളുകളുടെ പ്രതിനിധിമാത്രമാണ് ഗോപാലകൃഷ്ണൻ. എങ്കിലുംതന്റെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സുമനസുകൾ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ഗോപാലകൃഷ്ണനും കുടുംബവും.