പമ്പ: ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലിൽ വരുമാനം ലക്ഷ്യമിട്ട് ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസുകൾ, ഡോർമെറ്ററികൾ, സർക്കാർ ഒാഫീസുകൾ, ഹോട്ടലുകൾ, കടമുറികൾ, വിരിപ്പന്തൽ തുടങ്ങിയവ നിർമിക്കാനുള്ള പദ്ധതി ഇൗ തീർത്ഥാടന കാലത്തിന് ശേഷം തയ്യാറാക്കും. ആദ്യഘട്ടത്തിൽ അടുത്ത തീർത്ഥാടന കാലത്തേക്ക് 30,000 പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങളുണ്ടാക്കും. ഒരേസമയം 25,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലം ഒഴിച്ചിട്ടാണ് ദീർഘകാലത്തേക്കുള്ള പദ്ധതി നടപ്പാക്കുന്നത്. നിലയ്ക്കലിൽ 110 ഹെക്ടർ സ്ഥലമാണ് ദേവസ്വം ബോർഡിനുള്ളത്.
ഇപ്പോൾ പാർക്കിംഗ്, ഭക്ഷണം, കുടിവെള്ളം, പ്രാഥമികാവശ്യങ്ങൾ എന്നിവയ്ക്കുള്ള താത്കാലിക സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനായി 1586 മരങ്ങൾ വെട്ടിമാറ്റിയിട്ടുണ്ട്. തടി വിറ്റതിലൂടെ 40.65 ലക്ഷം രൂപ ബോർഡിന് ലഭിച്ചു.
പ്രളയത്തിൽ തകർന്ന പമ്പയിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കരുതെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും മലിനീകരണ നിയന്ത്രണ ബാേർഡും നിർദ്ദേശിച്ചിട്ടുണ്ട്. തീർത്ഥാടനം മുൻനിറുത്തിയുള്ള താത്കാലിക ടോയ്ലറ്റ് കോംപ്ളക്സുകൾ പമ്പയിൽ മതിയെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നത്. പുഴ നിറഞ്ഞൊഴുകേണ്ട സ്ഥലത്താണ് ഇപ്പോഴത്തെ ശൗചാലയങ്ങൾ. ഇത് പൊളിച്ചു കളഞ്ഞ് താത്കാലികമായി ഉപയോഗിക്കുന്നത് നിർമിക്കണം. ഇത്തരം നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് നിലയ്ക്കലിൽ സ്ഥിരം സംവിധാനങ്ങൾ ഒരുക്കുന്നത്.
റബർ കൃഷി അവസാനിപ്പിക്കും
നിലയ്ക്കലിൽ ദീർഘകാല അടിസ്ഥാനത്തിൽ ബേസ് ക്യാമ്പ് ഒരുക്കുന്നതിന് റബർ കൃഷി അവസാനിപ്പിക്കും. ഇപ്പോഴത്തെ കൃഷി വൻ നഷ്ടമാണെന്ന് ദേവസ്വം ബോർഡ് അധികൃതർ പറയുന്നു. ഇരുപതിനായിരത്തോളം മരങ്ങളാണ് ഇനി മുറിച്ചു നീക്കാനുള്ളത്. മരങ്ങൾ വിൽക്കുന്നതിലൂടെ 15 കോടി രൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നത്. കൃഷി അവസാനിപ്പിക്കുമ്പോൾ 24 തൊഴിലാളികൾക്ക് ജോലി നഷ്ടമാകും. മരങ്ങൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന തുകയിൽ അഞ്ച് കോടി രൂപ തൊഴിലാളികൾക്ക് ആനുകൂല്യം നൽകി പിരിച്ചുവിടുന്നതിനായി നീക്കിവയ്ക്കും. 1982ലും 89ലും പ്ളാന്റ് ചെയ്ത റബറാണ് നിലയ്ക്കലിൽ ഉള്ളത്. മൂവായിരത്തോളം മരങ്ങളിൽ നിന്നാണ് കറയെടുക്കുന്നത്.