k-surendran-bail
k surendran bail

പത്തനംതിട്ട :ചിത്തിര ആട്ടവിശേഷ നാളിൽ ശബരിമലയിൽ അൻപത്തിരണ്ടുകാരിയെ ആക്രമിച്ച കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി വീണ്ടും തള്ളി. വധശ്രമ ഗൂഢാലോചന കേസ് ആയതിനാലും അന്വേഷണം പുരോഗമിക്കുന്നതിനാലും ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സുരേന്ദ്രനെ ഒരു മണിക്കൂർ ചോദ്യം ചെയ്യാൻ പൊലീസിന് അനുമതി നൽകുകയും ചെയ്തു.

അതേസമയം, 2012ൽ യുവമോർച്ച മാർച്ചിനിടെ പമ്പയ്ക്ക് സമീപം ചാലക്കയം ടോൾഗേറ്റ് തകർത്ത കേസിൽ സുരേന്ദ്രന് ജാമ്യം അനുവദിച്ചു.

ചിത്തിര ആട്ടവിശേഷ ദിവസം സുരേന്ദ്രന്റെ ജന്മനാളായതിനാലാണ് സന്നിധാനത്ത് പോയതെന്നും അന്ന് നടന്ന സംഭവത്തിൽ 13-ാം പ്രതിയാക്കുകയായിരുന്നെന്നും പ്രതിഭാഗം വാദിച്ചു. കെ. സുരേന്ദ്രൻ സംഭവ സ്ഥലത്തുണ്ടായിരുന്നെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചെന്നും കേസിലെ ഒന്നാം പ്രതിയുമായി ഫോണിൽ സംസാരിച്ചതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. രോഗബാധിതനാണെന്ന് പ്രതിഭാഗം പറഞ്ഞപ്പോൾ അതിന്റെ രേഖകളൊന്നും ഇതുവരെ ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചു.

പൊലീസിന്റെ ചോദ്യം ചെയ്യലിനുശേഷം ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിൽ കുടുംബാംഗങ്ങളോട് ഫോണിൽ സംസാരിക്കാൻ സുരേന്ദ്രന് അനുമതി നൽകി. ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിച്ച് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള സുരേന്ദ്രന്റെ അപേക്ഷ കൊട്ടാരക്കര ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കോടതി പരിഗണിക്കും. നാളെ പത്തനംതിട്ട സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് സുരേന്ദ്രന്റെ അഭിഭാഷകൻ അറിയിച്ചു.