ചെങ്ങന്നൂർ: പമ്പാ ജലസേചന പദ്ധതിയുടെ ഇടതുകര കനാലിന്റെ ഭാഗമായി ലക്ഷങ്ങൾ മുടക്കി മുളക്കുഴയിൽ നിർമ്മിച്ച രണ്ട് കനാലുകൾ മാലിന്യ നിക്ഷേപങ്ങൾകൊണ്ട് മൂടി ഉപയോഗശൂന്യമായി. കെട്ടികിടക്കുന്ന മലിനജലത്തിൽ കൊതുകുകളും രോഗാണുക്കളും പെരുകി പ്രദേശവാസികൾ രോഗഭീതിയിലുമാണ്. പി.ഐ.പി കനാലിന്റെ മുളക്കുഴ ഭാഗത്ത് വാലുകാട്ടിൽ, ആശാൻപടി, കോണത്ത്, പുതുവേലിൽ, കാരയ്ക്കാട് ഭാഗത്തുകൂടി കൊഴുവല്ലൂരിലേക്ക് നിർമ്മിച്ച സബ് കനാലും മുളക്കുഴ പാറപ്പാട് ഭാഗത്തുകൂടി പെരിങ്ങാലയിലേക്ക് നിർമ്മിച്ച സബ് കനാലുമാണ് ഒഴുക്ക് നഷ്ടപ്പെട്ട ഉപയോഗശൂന്യമായി കിടക്കുന്നത്. പള്ളിപടി ഭാഗത്തുകൂടിയുള്ള സബ് കനാൽ ഉപയോഗ യോഗ്യമാക്കിയാൽ ജല ക്ഷാമം അനുഭവപ്പെടുന്ന സമയത്ത് കടന്നുപോകുന്ന പ്രദേശങ്ങളിൽ ഏറെ പ്രയോജനപ്രദമാകും. കർഷകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ കനാൽ ശുദ്ധീകരിച്ച് ജലം ഒഴുക്ക് സുഗമമാക്കണമെന്ന് മുളക്കുഴ പഞ്ചായത്ത് കമ്മിറ്റിക്കും പി.ഐ.പിക്കും നിരവധിതവണ നിവേദനങ്ങൾ നൽകിയെങ്കിലും ഫലം ഉണ്ടായിട്ടില്ല. പാറപ്പാട് ഭാഗത്തുകൂടി പോകുന്ന കനാൽ നിർമ്മാണത്തിലെ അശാസ്ത്രീയതമൂലം തുടക്കം മുതൽ ജലമൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. പ്രധാന കനാലിനെക്കാൾ ഉയർന്ന ഭുനിരപ്പിലാണ് സബ് കനാൽ എന്നതാണ് ഇതിന്റെ പ്രധാന അശാസ്ത്രീയത. ഇത് പരിഹരിക്കാനും മാർഗം ഉണ്ടായിട്ടില്ല. കക്കൂസ് മാലിന്യങ്ങളും നിക്ഷേപിക്കാൻ തുടങ്ങിയതോടെ കെട്ടികിടക്കുന്ന മഴവെള്ളത്തിൽ ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണ്. ഇതിനു പരിഹാരം കണ്ട് ജലമൊഴുക്ക് സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്.