പമ്പ :സന്നിധാനത്ത് ജോലിക്കെത്തിയ സർക്കാർ ജീവനക്കാരന് ചിക്കൻപോക്‌സ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. രോഗം പടരാതിരിക്കാൻ പമ്പയിലും സന്നിധാനത്തും ജോലിനോക്കുന്ന മൂവായിരം ജീവനക്കാർക്ക് ഹോമിയോ പ്രതിരോധ മരുന്ന് കൊടുത്തു തുടങ്ങി. ഇവരിൽ 1579 പേർ പൊലീസുകാരാണ്.
സന്നിധാനത്ത് തങ്ങാത്തതിനാൽ തീർത്ഥാടകർക്ക് മരുന്ന് നൽകുന്നില്ല. പത്തും പതിനഞ്ചും ദിവസത്തേക്കാണ് സർക്കാർ ജീവനക്കാർ ശബരിമലയിൽ ഡ്യൂട്ടിക്കെത്തുന്നത്. സ്പെഷ്യൽ ഒാഫീസറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ജീവനക്കാർക്കെല്ലാം പ്രതിരോധ മരുന്നു നൽകാൻ നിർദേശിച്ചത്. ജീവനക്കാർ താമസിക്കുന്ന കെട്ടിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണമുണ്ടാകും.
'' സ്ഥിതി നിയന്ത്രണ വിധേയമാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു.
ഡോ. സജി ജോൺ,
ഹോമിയോ മെഡിക്കൽ ഓഫീസർ പമ്പ.
പനി പടരുന്നു; 25പൊലീസുകാർ ചികിത്സ തേടി
പമ്പയിലും പരിസരത്തും പൊടിശല്യം രൂക്ഷമായതോടെ പനി പടരുന്നു. അഞ്ചു ദിവസത്തിൽ 26 പൊലീസുകാർ പനിക്ക് പമ്പ ആശുപത്രിയിൽ ചികിത്സ തേടി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, ത്രിവേണി പരിസരം, നടപ്പന്തൽ എന്നിവടങ്ങളിലാണ് പൊടിശല്യം. കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കും വിശുദ്ധി സേനാംഗങ്ങൾക്കും പനിയും ചൊറിച്ചിലും പിടിപെട്ടിട്ടുണ്ട്. പ്രളയശേഷം പമ്പയുടെ തീരങ്ങളിൽ മണ്ണടിഞ്ഞതോടെയാണ് പൊടിശല്യം രൂക്ഷമായത്. പൊടി പറക്കാതിരിക്കാൻ വെള്ളം തളിക്കുന്നുണ്ടെങ്കിലും കാര്യക്ഷമല്ലെന്ന് ആക്ഷേപമുണ്ട്.