tvla

തിരുവല്ല: ശബരിമല തീർത്ഥാടനകാലം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും തിരുവല്ലയിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ പ്രതിഷേധമുയരുന്നു. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനാണ് തിരുവല്ലയിലുള്ളത്. മുൻ വർഷങ്ങളിൽ സീസണിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുന്ന പതിവുണ്ടെങ്കിലും ഇത്തവണ ഇതുവരെയും പ്രഖ്യാപനം ഉണ്ടായിട്ടില്ല. സമീപ റെയിൽവേ സ്റ്റേഷനായ ചെങ്ങന്നൂരിൽ കഴിഞ്ഞദിവസം എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിച്ചിട്ടും തിരുവല്ലയോടുള്ള അവഗണനന തുടരുകയാണ്. നിസാമുദ്ദീൻ എക്സ് പ്രസ്, വിവേക് എക്സ് പ്രസ്, ഡറാഡുൺ എക്സ് പ്രസ്, യശ്വന്ത്പുർ ഫുൾ എസി എക്സ് പ്രസ്, ഹംസഫർ എക്സ് പ്രസ് എന്നിവയാണ് ഇവിടെ നിറുത്താതെ പോകുന്നത്. തിരുവല്ലയിൽ അനുദിനം യാത്രക്കാർ കൂടിയിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. ശബരിമല തീർത്ഥാടകരുൾപ്പെടെയുള്ള യാത്രക്കാർക്ക് സൗകര്യങ്ങൾ ഇവിടെയില്ല. മണ്ഡലകാലം തുടങ്ങിയിട്ടും ഇൻഫർമേഷൻ സെന്റർ പ്രവർത്തനം തുടങ്ങിയിട്ടില്ല. പ്ലാറ്റ്ഫോമിൽ പലഭാഗത്തും മേൽക്കൂരയില്ല. മദ്ധ്യഭാഗത്തുള്ള മേൽക്കൂര മാത്രമാണ് ഏക ആശ്രയം. സ്നാക്സ് കൗണ്ടറോ ഇരിപ്പിടമോ ഇല്ല. ശുചിമുറികൾ പണി തീർന്നെങ്കിലും തുറന്നുകൊടുത്തിട്ടില്ല. രാത്രിയിൽ പ്ലാറ്റ്ഫോമിൽ മിന്നാമിനുങ്ങിന്റെ വെട്ടത്തിൽ യാത്രക്കാർ ബോഗി തപ്പി ഓടുകയാണ്. എ – ഗ്രേഡ് സ്റ്റേഷനുകളിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കണമെന്നാണ് നിയമം. ഇത് പാലിക്കപ്പെട്ടിട്ടില്ല. മുതിർന്ന യാത്രക്കാർ രാത്രിയിൽ ട്രെയിനിൽ കയറിപ്പറ്റാൻ ഏറെ ബുദ്ധിമുട്ടുന്നു. കോടികൾ മുടക്കി മൂന്നുവർഷം മുൻപ് പണിത നടപ്പാലത്തിന് മേൽക്കൂരയില്ല. ഇതെല്ലാം മഴയും വെയിലുമേറ്റ് തുരുമ്പിക്കുന്നു. പഴയ റെയിൽവേ ക്വാർട്ടേഴ്സ് പൊളിച്ചുമാറ്റി സ്റ്റേഷന്റെ മുൻവശത്തുള്ള റോഡിന് വീതികൂട്ടി ബസുകൾ വരാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കാമെന്ന് ഡിവിഷനൽ മാനേജർ ഉറപ്പ് നൽകിയിരുന്നു. അതും പാലിക്കപ്പെട്ടില്ല. യാത്രക്കാർ ഏറെ ആശ്രയിക്കുന്ന വൈ.എം.സി.എ ജംഗ്ഷൻ – റെയിൽവേ സ്റ്റേഷൻ റോഡ് തകർന്ന് യാത്രായോഗ്യമല്ലാത്ത അവസ്ഥയാണ്. റെയിൽവേ സ്റ്റേഷനിൽ നിന്ന് അരിയുമായെത്തിയ ലോറി കഴിഞ്ഞദിവസം ഇവിടെ ചെളിയിൽ താഴ്ന്നു. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് ഉയർത്തിയത്. .

എസ്കലേറ്ററും പൂർത്തിയായില്ല
യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്കലേറ്ററിന്റെ നിർമ്മാണവും ഇഴയുകയാണ്. ആറുമാസം മുമ്പ് പണി ആരംഭിച്ചെങ്കിലും ഇതുവരെയും പൂർത്തിയായിട്ടില്ല. ഒന്നര വർഷം മുമ്പാണ് എസ്‌കലേറ്റർ നിർമാണത്തിന് ഫണ്ട് അനുവദിച്ചത്. എന്നാൽ ജോലികൾ പകുതിപോലും ആയിട്ടില്ല. ഇടയ്ക്ക് ഉണ്ടായ വെള്ളപ്പൊക്കത്തെ പഴിചാരി നിർമ്മാണം നീണ്ടുപോകുന്ന കാഴ്ചയാണ്.

നിവേദനം നൽകി
ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയോട് കേന്ദ്ര സർക്കാരും മന്ത്രാലയവും അവഗണന കാട്ടുകയാണെന്ന് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി ആരോപിച്ചു. യു.പി.എ ഭരണകാലത്ത് എല്ലാ ട്രെയിനുകൾക്കും താൽക്കാലിക സ്റ്റോപ് അനുവദിച്ചിരുന്നു. ആന്റോ ആന്റണി എം.പി മുഖേന സർക്കാരിനും റെയിൽവേ മന്ത്രാലയത്തിനും നിവേദനം നൽകി.

ഇൻഫർമേഷൻ സെന്റർ പ്രവർത്തനരഹിതം
സ്നാക്സ് കൗണ്ടറോ ഇരിപ്പിടമോ ഇല്ല
ശുചിമുറികൾ തുറന്നിട്ടില്ല
സ്റ്റേഷനിൽ വെളിച്ചമില്ല