sabarimala

ശബരിമല: രണ്ടു ദിവസമായി ശബരിമല ശാന്തമാണെങ്കിലും നിയന്ത്രണത്തിൽ കാര്യമായ അയവ് വരുത്തിയിട്ടില്ല. കാർത്തിക നാളായ വെള്ളിയാഴ്ച അനുഭവപ്പെട്ട തിരക്ക് ഇന്നലെയുണ്ടായില്ല. 34,574 തീർത്ഥാടകരാണ് ഇന്നലെ വൈകിട്ട് ഏഴുവരെ മല കയറിയത്. വെള്ളിയാഴ്ച അര ലക്ഷം തീർത്ഥാടകരെത്തിയിരുന്നു.

പമ്പയിലും നിലയ്ക്കലിലും സ്ഥിതിഗതികൾ ശന്തമാണ്. നിലയ്ക്കലിൽ വാഹന പരിശോധന തുടരുകയാണ്. പമ്പയിൽ ആഞ്ജനേയ ഒാഡിറ്റോറിയത്തിൽ ഭക്തർ വിരിവയ്ക്കുന്നുണ്ട്.

സന്നിധാനത്ത് നടപ്പന്തലിൽ വിരിവയ്ക്കാൻ അനുവാദം നൽകിയിട്ടില്ല. മാംഗുണ്ട അയ്യപ്പനിലയം, മാളികപ്പുറം നടപ്പന്തൽ, പ്രസാദം നടപ്പന്തൽ, മരാമത്ത് ഓഫീസിന് എതിർവശം, വടക്കേ നട, ശബരി ഗസ്റ്റ് ഓഫീസിന് എതിർവശം, പാണ്ടിത്താവളം എന്നിവിടങ്ങളിൽ വിരികേന്ദ്രം അനുവദിച്ചിട്ടുണ്ട്.

സന്നിധാനത്ത് ഇന്നലെ ഐ.ജി വിജയ് സാക്കറെ സുരക്ഷാ നടപടികൾ അവലോകനം ചെയ്തു. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പുവരുത്തി സുരക്ഷാ ക്രമീകരണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.