പമ്പ : യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമലയിലെ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ കേസുകളുടെ എണ്ണം 90 ആയി. 320 പേരാണ് പ്രതികളായത്. 175 പേരെ റിമാൻഡ് ചെയ്തു. 145പേർക്ക് ജാമ്യം ലഭിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ സ്റ്റേഷനുകളിലാണ് കേസുകളേറെയും. പത്തനംതിട്ട ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും ശബരിമല വിഷയത്തിൽ കേസുകളുണ്ട്.
തുലാം ഒന്നിന്റെ തലേന്ന് അഞ്ച് തവണ നിലയ്ക്കലിൽ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയിരുന്നു. ഏറ്റവും കൂടുതൽ അറസ്റ്റുകൾ ഇതിലായിരുന്നു. തുലാമാസ പൂജാസമയത്ത് 11 യുവതികൾ മല കയറാൻ എത്തിയപ്പോൾ തടഞ്ഞതിനും ചിത്തിര ആട്ടവിശേഷത്തിന് 52 കാരിയെ ആക്രമിച്ചതടക്കമുള്ള സംഭവങ്ങളിലും കേസുകളുണ്ട്.
പൊലീസ് പകർത്തിയ ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ കണ്ടെത്തിയത്. നിലയ്ക്കലും മറ്റും അക്രമങ്ങളിൽ ഉൾപ്പെടാത്തവരെ പ്രതികളാക്കിയെന്ന് പരാതിയുണ്ട്. സന്നിധാനത്ത് കൂട്ടമായി നാമജപം നടത്തിയതിന് രണ്ട് കേസുകളുണ്ട്.