ശബരിമല : കേന്ദ്രസഹമന്ത്രി പൊൻ രാധാകൃഷ്ണനോട് ഉച്ചത്തിൽ സംസാരിച്ച് വിവാദപുരുഷനായ എസ്.പി യതീഷ്ചന്ദ്ര സന്നിധാനത്ത് എത്തി ഹരിവരാസനം തൊഴുത് മടങ്ങി. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ആരുടേയും ശ്രദ്ധയിൽപ്പെടാതെ സന്നിധാനത്ത് എത്തിയത്. പൊലീസ് പരിവേഷമൊന്നും കാട്ടാതെ ശ്രീകോവിലിന് മുന്നിൽ നിന്ന് ഏറെനേരം മനമുരുകി പ്രാർത്ഥിച്ചു.ഹരിവരാസനം കേട്ട് തൊഴുത് നടയടച്ച് പുറത്തിറങ്ങിയ എസ്. പിയ്ക്ക് താരപരിവേഷമാണ് ഭക്തർ നൽകിയത്. ചിലർക്ക് എസ്.പിക്കൊപ്പം നിന്നൊരു സെൽഫി എടുക്കണമെന്ന് ആഗ്രഹം. യാതൊരു വിസമ്മതവും പ്രകടിപ്പിക്കാതെ അദ്ദേഹം ഒപ്പംനിന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരും യതീഷ്ചന്ദ്രയെ തിരിച്ചറിഞ്ഞു. നിലയ്ക്കലെ സേവനം 30 ന് അവസാനിക്കാനിരിക്കെയാണ് ദർശനം നടത്തിയത്.