sabarimala
sabarimala

ശബരിമല : ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശബരിമലയിൽ അന്നദാനം നടത്താൻ സ്വകാര്യ സംഘടനയ്ക്ക് ദേവസ്വം ബോർഡ് അനുമതി നൽകി. ശനിയാഴ്ച മുതൽ ആന്ധ്രയിലെ അഖിലഭാരത അയ്യപ്പസേവാസമാജം എന്ന സംഘടനയാണ് അന്നദാനം നടത്തുന്നത്.

2015ലാണ് ഹൈക്കോടതി അന്നദാന സംഘടനകളെ നിരോധിച്ചത്.അതിനെതിരെ മൂന്ന് സംഘടനകൾ അപ്പീൽ കൊടുത്തെങ്കിലും അയ്യപ്പ സേവാ സംഘത്തിനു മാത്രം കോടതി അനുമതി കൊടുത്തു. ബോർഡിനൊപ്പം ഇവർക്ക് അന്നദാനം നടത്താം.

അന്നദാനത്തിന്റെ മറവിൽ വ്യക്തികളും സംഘടനകളും ലക്ഷങ്ങൾ പിരിച്ചശേഷം ചെറിയൊരു ഭാഗം മാത്രമേ ചെലവഴിക്കുന്നുള്ളൂ എന്ന് ആക്ഷേപം ഉയരുകയും ഹോട്ടലുടമകൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തപ്പോഴാണ് വിലക്ക് വന്നത്. ബോർഡ് നേരിട്ട് നടത്താമെന്ന് അന്നത്തെ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ കോടതിയെ അറിയിക്കുകയും ചെയ്തു.

ദേവസ്വം ബോർഡ് അന്നദാനം ഏറ്റെടുത്തതോടെ പ്രത്യേക ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. കോടിക്കണക്കിന് രൂപ അന്നദാന ഫണ്ടിലേക്ക് എത്തി. ഇത്തവണ നടതുറന്ന് 8 ദിവസം പിന്നിട്ടപ്പോൾ എട്ട് ലക്ഷത്തോളം രൂപ സംഭാവനയായി ലഭിച്ചു.

വർഷങ്ങൾക്ക് മുൻപ് ശബരിമലയിൽ സൗജന്യകഞ്ഞിയും ചുക്കുവെള്ളവും വിതരണം ചെയ്തിരുന്നത് ശ്രീഭൂതനാഥ ധർമ്മ ട്രസ്റ്റായിരുന്നു. പിന്നീട് അഖിലഭാരത അയ്യപ്പസേവാസംഘം അന്നമൊരുക്കി. അതിനുശേഷം ദേവസ്വം ബോർഡും 2013 മുതൽ അയ്യപ്പ സേവാസമാജവും അന്നം വിളമ്പി.

മുമ്പുണ്ടായിരുന്ന അയ്യപ്പസേവാസമാജത്തിന്റെ വക്താവായ ആന്ധ്രാ സ്വദേശിയാണ് ഇപ്പോൾ അഖിലഭാരത അയ്യപ്പസേവാസമാജം എന്ന സംഘടനയുടെ പേരിൽ അന്നദാനത്തിന് ചുക്കാൻ പിടിക്കുന്നത്.

ആന്ധ്രയിലുള്ള അഖിലഭാരത അയ്യപ്പസേവാസമാജം എന്ന സംഘടന അന്നദാനത്തിനുള്ള സാധനങ്ങളും തൊഴിലാളികളെയും എത്തിക്കുക മാത്രമാണുണ്ടായത്. ബോർഡ് തീരുമാനമനുസരിച്ചാണ് സംഘടനയുടെ സഹായം സ്വീകരിച്ചത്. ദേവസ്വം ബോർഡിന്റെ പൂർണ നിയന്ത്രണത്തിലാണ് അന്നദാനം നടന്നുവരുന്നത്.

കെ.പി.ശങ്കരദാസ്

ദേവസ്വം ബോർഡ് മെമ്പർ