sabarimala
sabarimala

ശബരിമല: ഹൈടെക് കാമറാ നിരീക്ഷണവുമായി സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ പൊലീസ് കൺട്രോൾ റൂമുകൾ കൂടുതൽ സ്മാർട്ടാകുന്നു. ഇതിന്റെ ഉദ്ഘാടനം നാളെ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ശബരിമലയിൽ നിർവഹിക്കും. തീവ്രവാദ ഭീഷണിയുണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെയും യുവതീപ്രവേശന വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണിത്. പമ്പ മുതൽ സന്നിധാനം വരെയായിരുന്നു കാമറ നിരീക്ഷണമുണ്ടായിരുന്നത്. ഇതിന്റെ കൺട്രോൾ റൂം പമ്പയിലുമായിരുന്നു. ഇനി മുതൽ സന്നിധാനത്തും നിരീക്ഷണ സംവിധാനത്തോടെയുള്ള കൺട്രോൾ റൂമുണ്ടാകും. നിലയ്‌ക്കൽ, എരുമേലി എന്നീ പ്രദേശങ്ങളും കാമറാ നിരീക്ഷണത്തിലാക്കി. ഇതിലൂടെ കഴിഞ്ഞ ദിവസം എരുമേലിയിൽ മാലമോഷ്ടാവിനെ കൈയോടെ പിടികൂടിയിരുന്നു.

നിലവിലുണ്ടായിരുന്ന 58 കാമറകൾ അതിന്യൂതന സാങ്കേതിക വിദ്യയോടുകൂടിയ ഡിജി​റ്റലാക്കിയിരുന്നു. തുടർന്ന് ചാലക്കയം മുതൽ സന്നിധാനത്തെ പാണ്ടിത്താവളം വരെ നിരീക്ഷിക്കുന്നതിനും കൂടുതൽ കാമറകൾ സ്ഥാപിച്ചു. ആകെ 72 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 42 എണ്ണം പാൻ ടിൾട്ട് സൂം കാമറായും 30 എണ്ണം ബുള്ള​റ്റ്‌ ടൈപ്പുമാണ്. ചാലക്കയം മുതൽ സന്നിധാനം വരെയുള്ള പരമ്പരാഗത പാതയും സ്വാമി അയ്യപ്പൻ റോഡ്, ചന്ദ്രാനന്ദൻ റോഡ്, ശരംകുത്തി പാത, ബെയ്ലിപാലം, പുല്ലമേട് പാതയിലെ ഉരക്കുഴി എന്നീ ഭാഗങ്ങളും സൂക്ഷ്മനിരീക്ഷണത്തിലാകും. പുതിയ സംവിധാനത്തിലൂടെ ഒരാളുടെ മുഖം ഒരു തവണ കാമറയിൽ പതിഞ്ഞാൽ ആ വ്യക്തി കൺട്രോൾ റൂമിന്റെ പരിധിയിൽ എവിടെയുണ്ടെങ്കിലും തിരിച്ചറിയാനാകും. ആട്ടോമാ​റ്റിക് ഡിജി​റ്റൽ സംവിധാനത്തോടുകൂടിയ സാങ്കേതികവിദ്യ പൊലീസ് നിരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കും.