sabarimala-issue

ബി.ജെ.പി സംസ്ഥാന സെക്രട്ടറി സജീവനടക്കം എട്ടുപേർ അറസ്റ്റിൽ

പമ്പ: ശബരിമലയിലെ നിരോധനാജ്ഞ ഭക്തർക്ക് ബാധകമല്ലെന്നും ശരണം വിളിക്ക് തടസമില്ലെന്നും ഹൈക്കോടതിയിൽ വ്യക്തമാക്കിയ പൊലീസ് ഇന്നലെ ദർശനത്തിന് എത്തിയ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയടക്കം എട്ട് പ്രവർത്തകരെ നിലയ്ക്കലിൽ അറസ്റ്റ് ചെയ്തു. മുപ്പത് കിലോമീറ്റർ അകലെ പെരുനാട് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിട്ടു.

ബി.ജെ.പി പ്രവർത്തകർ വരുന്നുണ്ടെന്നറിഞ്ഞ് ഡിവൈ.എസ്.പി എൻ. സജിയുടെ നേതൃത്വത്തിൽ നിലയ്ക്കൽ പ്രധാന ഗേറ്റിൽ ടിയർ ഗ്യാസ് അടക്കം സർവ സന്നാഹങ്ങളുമായി പൊലീസ് തടയുകയായിരുന്നു.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇരുമുടിക്കെട്ടുമായി രണ്ടു കാറുകളിലാണ് സംഘം എത്തിയത്. ആറ് മണിക്കൂറിനുള്ളിൽ ദർശനം നടത്തി മടങ്ങണമെന്നും കൂട്ടമായി ശരണം വിളിക്കരുതെന്നുമുളള നിലയ്ക്കൽ സ്റ്റേഷൻ ഒാഫീസറുടെ നോട്ടീസിൽ ഒപ്പിട്ടാൽ ശബരിമലയിലേക്ക് പോകാമെന്ന് ഡിവൈ. എസ്.പി അറിയിച്ചു.

നോട്ടീസ് വാങ്ങാതിരുന്ന സജീവൻ ശരണം വിളി തടയരുതെന്ന് ഹൈക്കോ‌ടതി ഉത്തരവിട്ടിട്ടുണ്ടെന്നും തങ്ങൾ ദർശനത്തിന് വന്നതാണെന്നും അറിയിച്ചു. അഞ്ച് പേരിൽ കൂടുതലുളളതിനാൽ നിരാേധനാജ്ഞ ലംഘനമാകുമെന്നായി ഡിവൈ.എസ്.പി. നിരോധനാജ്ഞ ഭക്തർക്ക് ബാധകമല്ലെന്ന് കോടതി പ്രഖ്യാപിച്ചെന്ന് സജീവൻ ചൂണ്ടിക്കാട്ടി. നോട്ടീസിൽ ഒപ്പിട്ട ശേഷം കെ.എസ്.ആർ.ടി.സി ബസിൽ പോകാമെന്ന് പൊലീസ് പറഞ്ഞെങ്കിലും സജീവൻ അംഗീകരിച്ചില്ല. വാഹനത്തിൽ നിന്നിറങ്ങി സജീവനും പ്രവർത്തകരും ശരണം വിളിച്ച് മുന്നോട്ടു നടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു.