അടൂർ : സ്വന്തമായി സ്ഥലമുണ്ട്.കെട്ടിടമില്ല. വാടകകെട്ടിടത്തിൽ പരിമിതികളിൽ വീർപ്പ് മുട്ടി അടൂർ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യുട്ട് ഒാഫ് ടെക്നോളജി സെന്റ്റർ ( യു.ഐ.ടി) വാടകക്ക് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് സ്വന്തം കെട്ടിടം വേണം എന്ന് നമ്മുടെ ജനപ്രതിനിധികളോട് ആവിശ്യപെട്ടാൽ സ്ഥലം ഉണ്ടങ്കിൽ കെട്ടിടത്തിന് തുക അനുവദിക്കാം എന്ന മറുപടി സർവസാധാരണമാണ്. ഇവിടെ സ്ഥലം ലഭ്യമായിട്ട് 17വർഷമായിട്ടും കെട്ടിടം പണിയാൻ ഫണ്ടനുവദിക്കാൻ ജനപ്രതിനിധികൾ തയ്യാറായിട്ടില്ല. ഏഴംകുളം എംസൺ ഒാഡിറ്റോറിയത്തിന് സമീപമാണ് എംസൺ ഗ്രൂപ്പ് ഉടമ എം രാജു 50 സെന്റ് സ്ഥലം സൗജന്യമായി കേരള സർവകലാശാലക്ക് നൽകിയത്. ഇപ്പോൾ പ്രതിമാസം 30000 രൂപ വാടക നൽകി ഹൈസ്കൂൾ ജംഗ്ഷനിലാണ് കോളജ് പ്രവർത്തിക്കുന്നത് .സ്ഥലസൗകര്യമില്ലാത്തതിനാൽ പുതിയ കോഴ്സുകൾ അനുവദിക്കാനും കഴിയില്ല. ഇപ്പോൾ ബി ബി എ, ബി എസ് സി കോഴ്സുകളിലായി 325 കുട്ടികൾ പഠിക്കുന്നുണ്ട്. പഠിക്കാൻ സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുകയാണ് ഈ കുട്ടികൾ. ആധുനികരീതിയിലുള്ള ലാബില്ല, ലൈബ്രറിയില്ല , ആവിശ്യത്തിന് ബാത്ത് റൂം ഇല്ല, അദ്ധ്യാപകർക്ക് വിശ്രമമുറിയില്ല. രണ്ട് കോഴ്സുകൾ കഷ്ടിച്ച് നടത്താനുള്ള സ്ഥലത്താണ് എല്ലാം അഡ്ജസ്റ്റ് ചെയ്ത് ഇവിടെ പ്രവർത്തിക്കുന്നത്. സ്വന്തം കെട്ടിടം ഉണ്ടങ്കിൽ എം.എസ്.സി, എം.കോം ഉൾപ്പെടെയുള്ള കോഴ്സുകൾ സ്ഥലസൗകര്യമില്ലന്ന കാരണത്താലാണ് അനുവദിക്കാത്തത്. 1995 ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടൂർ എം.എൽ.എ ആയിരിക്കുമ്പോഴാണ് യു.ഐ.ടിസെന്റർ അനുവദിച്ചത്. ഇതിനോടൊപ്പം അനുവദിച്ചതും ഇത്രയധികം കുട്ടികൾ ഇല്ലാത്തതുമായ സെന്ററുകളിൽ പി.ജി കോഴ്സുകൾ ഇതിനോടകം അനുവദിച്ചു കഴിഞ്ഞു. കോളേജിന് കെട്ടിടം പണിയാൻ വസ്തു ദാനമായി നൽകിയ രാജു 17 വർഷമായിട്ടും കെട്ടിടം പണിയാത്തതിനാൽ വസ്തു തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.