കോഴഞ്ചേരി : കാർഷിക അഭിവൃദ്ധിയ്ക്ക് കുട്ടികർഷകരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച ഒരു കുട്ടിക്ക് ഒരു തൈ പച്ചക്കറി കൃഷി പദ്ധതി കോഴഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂളിൽ തുടങ്ങി . വിഷരഹിത പച്ചക്കറിയുടെ ഉല്പാദനത്തിൽ സ്വയം പര്യാപ്തത നേടുന്നതിനും, വിദ്യാർത്ഥികളെ കൃഷിയിലേയ്ക്ക് ആകർഷിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയാണിത്. ഹൈസ്‌കൂൾ തലത്തിലെയും യുപി വിഭാഗത്തിലെയും 150 ൽപരം വിദ്യാർത്ഥികളെയാണ് ഇതിൽ പങ്കാളികളാക്കുന്നത്. സ്‌കൂളിലെ കാർഷിക ക്ലബ്ബ്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ഒരു ക്ലാസിൽ നിന്ന് അഞ്ച് കുട്ടികളെ വീതം ഉൾപ്പെടുത്തിയാണ് കാർഷിക ക്ലാസിന്റെ പ്രവർത്തനം. പരിസ്ഥിതി സൗഹൃദമായ മൺചട്ടിയിൽ നടുന്നതിന് ഓരോ കുട്ടിക്കും ഓരോ പച്ചക്കറി തൈ വീതമാണ് നൽകുന്നത്. കായ്ഫലം ഉണ്ടാകുന്നതുവരെ ഇവയെ പരിരക്ഷിക്കുക എന്നതാണ് ഓരോരുത്തരുടെയും ചുമതല.
സ്‌കൂളിന്റെ അടിസ്ഥാന വികസന പദ്ധതിയിലും ഈ വർഷത്തെ കർമ്മ പദ്ധതിയിലും ഉൾപ്പെടുത്തിയാണ് പരിപാടി നടപ്പാക്കുന്നത്. പയർ, വഴുതന, പാവൽ, വെണ്ടയ്ക്ക, തക്കാളി, കോവൽ, പച്ചമുളക് തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നതിലധികവും. ഇവയെക്കൂടാതെ ചേന, കാച്ചിൽ, വാഴ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ നിർവഹിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രകാശ് കുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ക്രിസ്റ്റഫർ ദാസ്, കോഴഞ്ചേരി കൃഷി വികസന ഓഫീസർ എസ്. കവിത പ്രധാനാദ്ധ്യാപിക ജി. രമണി , സ്റ്റാഫ് സെക്രട്ടറി ഗീത.ജി , ശ്രീ രഞ്ജു എന്നിവർ സംസാരിച്ചു.