ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി നിർദ്ദിഷ്ഠ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി-തോട്ടിയാട്-റെയിൽവേ സ്റ്റേഷൻ ബൈപാസ് റോഡ് നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. ബൈപാസ് റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് 2008ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. 2010ൽ ഇതു സംബന്ധിച്ച് പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥർ നിർദ്ദിഷ്ഠ സ്ഥലം സന്ദർശിക്കുകയും എസ്റ്റിമേറ്റ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ സർക്കാർ ഇതിന്റെ തുടർ നടപടികൾ ഒന്നും തന്നെ നടത്തിയില്ല. സർക്കാരിന് കൂടുതൽ സാമ്പത്തിക നഷ്ടം ഉണ്ടാകാത്ത രീതിയിൽ നിർദ്ദിഷ്ഠ ബൈപാസ് നിർമിക്കാൻ കഴിയുമെന്നിരിക്കെ കൂടുതൽ സാമ്പത്തിക നഷ്ടം ഉണ്ടാകുന്ന വിധത്തിലുള്ള മറ്റൊരു ബൈപാസ് നിർദ്ദേശവുമായി സർക്കാർ മുന്നോട്ടു പോയത്. എന്നാൽ ഇപ്പോൾ പ്രസ്തുത നിർദ്ദേശം പ്രായോഗികമല്ലെന്ന് ബോദ്ധ്യപ്പെടുകയും വർഷങ്ങൾ കഴിഞ്ഞിട്ടും നഗരത്തിലെ ഗതാഗത കുരുക്കിന് ഇപ്പോഴും പരിഹാരം കാണാൻ കഴിയാതെ നഗരം വീർപ്പുമുട്ടുകയുമാണ്.
യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദം
എം.സി റോഡിൽ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിക്ക് തെക്കു ഭാഗത്തു നിന്നും നേരെ പടിഞ്ഞാറോട്ട് തോട്ടിയാട് ജംഗ്ഷൻ-ഓർക്കോട്ട് ജലധാര ബണ്ട് റോഡ് വഴി ചെറുകോട്ട പാടശേഖരത്തിനു നടുവിലൂടെയും ഓർക്കോട്ട് ചാലിന് വശത്തുകൂടിയും ബൈപാസ് നിർമിച്ചാൽ ചെങ്ങന്നൂർ റെയിൽവേസ്റ്റേഷന് തെക്കുള്ള ഓവർബ്രിഡ്ജിന് കിഴക്കായി എം.കെ റോഡിൽ എത്തുകയും അവിടെ നിന്ന് വെള്ളവൂർ ജംഗ്ഷനിലെത്തി യാത്ര തുടരുകയും ചെയ്യാം എന്നതാണ് നിർദ്ദേശിച്ചിട്ടുള്ളത്. നഗരത്തിൽ കയറാതെ വാഹനങ്ങൾക്ക് എളുപ്പവഴിയിൽ പോകുകയും ചെയ്യാം എന്നത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാണ്.
ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം
ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി മുതൽ തോട്ടിയാട് ജംഗ്ഷൻ വരെ പൊതുമരാമത്ത് റോഡും തോട്ടിയാട് ജംഗ്ഷൻ-ഓർക്കോട്ട് ജലധാര ബണ്ട് റോഡ് നിലവിൽ 6 മീറ്റർ റോഡുമാണ്. പുലിയൂർ പഞ്ചായത്തിലെ തിങ്കളാമുറ്റം, നൂറ്റവൻപാറ വാർഡുകളിലൂടെയാണ് നിർദ്ദഷ്ഠ റോഡ് കടന്നു പോകുന്നത്. മാന്നാർ സബ് സ്റ്റേഷനിലേക്കുള്ള 33 കെ.വി ലൈൻ വലിച്ചപ്പോഴും നിർദ്ദഷ്ഠ റോഡിന് തടസമുണ്ടാകാത്ത വിധമാണ് അലൈൻമെന്റിൽ മാറ്റം വരുത്തി നിർമ്മിച്ചിരിക്കുന്നത്. ഇത് പ്രാവർത്തികമായാൽ ചെങ്ങന്നൂർ നഗരത്തിലെ ഗതാഗത കരുക്കിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.