പമ്പ: ശബരിമലയുടെ പ്രധാന ബേസ് ക്യാമ്പാകുന്ന നിലയ്‌ക്കലിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കുടിവെളള പദ്ധതി അടുത്ത തീർത്ഥാടന കാലത്തിന് മുമ്പായി നബാർഡിന്റെ സഹായത്തോടെ പൂർത്തിയാക്കുമെന്ന് ജല അതോറിട്ടി. നിലയ്ക്കലിൽ നിന്ന് 21 കിലോമീറ്റർ അകലെ സീതത്തോട്ടിലെ കക്കാട്ടറിൽ നിന്നാണ് വെളളം എത്തിക്കുന്നത്. ഇവിടുത്തെ കിണറിന്റെയും പ്ളാന്റിന്റെയും നിർമാണം ജനുവരിയിൽ പൂർത്തിയാകും.
സീതത്തോട് പ്ളാന്റ് നിരപ്പിൽ നിന്ന് 350 മീറ്റർ ഉയരത്തിലാണ് നിലക്കൽ. ആങ്ങമൂഴിക്കും പ്ളാപ്പള്ളിക്കുമിടയിൽ മൂന്ന് ബൂസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് വെളളം നിലയ്ക്കലിലേക്ക് എത്തിക്കും. ഇതോടെ സീതത്തോട്, പ്ളാപ്പളളി, പമ്പാവാലി എന്നിവിടങ്ങളിലെ കുടിവെളള ക്ഷാമത്തിനും പരിഹാരമാകും.
ഇപ്പോൾ പമ്പയിൽ നിന്നും സീതത്തോട്ടിൽ നിന്നും 12 ടാങ്കർ ലോറികളിലാണ് നിലയ്ക്കലേക്ക് വെളളം എത്തിക്കുന്നത്. ഇൗ സീസണിൽ 4കോടി രൂപ ജല സംഭരണത്തിന് ചെലവാകും.
14 കിലോമീറ്റർ ഉൾവനത്തിലൂടെ 500 എം.എം സ്റ്റീൽ പൈപ്പ് വഴി എത്തിക്കുന്ന വെളളം ശാസ്ത്രീയ രീതിയിലാണ് ശുദ്ധീകരിക്കുന്നത്. വെളളത്തിന്റെ അളവ്, ഗുണനിലവാരം, ശുദ്ധീകരിച്ച ശേഷമുളള സ്ഥിതി തുടങ്ങിയ വിവരങ്ങൾ അറിയാൻ കഴിയുന്ന ഡിസ്‌പ്ളേ ബോർഡുകൾ സ്ഥാപിക്കും. സീതത്തോട് പമ്പ് ഹൗസിൽ നിന്ന് ശുദ്ധീകരണ പ്ളാന്റിൽ എത്തുന്ന വെളളം ഏറിയേഷൻ പ്രോസസ് യൂണിറ്റിലെത്തിക്കും. പ്രൊപ്പല്ലർ ഉപയോഗിച്ച് വായുവുമായി കലർത്തുന്ന വെളളം രണ്ടു വലിയ ടാങ്കുകളിലേക്ക് മാറ്റി ചെളിയും കരടും മാറ്റി ശുദ്ധമാക്കും. ആറ് സംഭരണികളെത്തിച്ച് അണുവിമുക്തമാക്കും.
പദ്ധതിയുടെ ഒന്നാം ഘട്ടമാണ് കിണറിന്റെയും പ്ളാന്റിന്റെയും നിർമാണം. അടുത്ത തീർത്ഥാടന കാലത്ത് പദ്ധതിയിൽ നിന്നുളള വെളളം ഉപയോഗിക്കാനാവും
-എം.മധു, വാട്ടർ അതോറിറ്റി പത്തനംതിട്ട സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയർ