ശബരിമല : ശബരിമലയിൽ അരണവയുടെ വില്പന ഗണ്യമായി കുറഞ്ഞതോടെ ഉത്പാദനം കുത്തനെ കുറച്ചു.രണ്ടരലക്ഷം വരെ പ്രതിദിനം നിർമ്മിച്ച സ്ഥാനത്ത് ഇപ്പോൾ വെറും 10,000 ടിൻ അരവണയേ നിർമ്മിക്കുന്നുള്ളു.
കരുതൽ ശേഖരമായി സൂക്ഷിച്ചിട്ടുള്ള അരവണ ഒരുമാസം പിന്നിട്ടാൽ വില്പന നടത്തരുതെന്ന സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കർശന നിർദ്ദേശവും ഉത്പാദനം വെട്ടിച്ചുരുക്കാൻ കാരണമായി. ശബരിമലയുടെ നടവരിൽ കാണിക്കയോടൊപ്പം വരുമാനം ഉയർത്തിയിരുന്നത് അരവണയായിരുന്നു. മുൻ വർഷങ്ങളിൽ പ്രതിദിനം ശരാശരി ഒന്നരക്കോടി മുതൽ രണ്ട് കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 40 ലക്ഷം മുതൽ 60 ലക്ഷം വരെയാണ് വില്പന.
വൃശ്ചികം 1 ന് നടതുറന്നപ്പോൾ 30 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമുണ്ടായിരുന്നു. നിലവിൽ പ്രതിദിനം രണ്ടരലലക്ഷം ടിൻ ഉത്പാദനശേഷിയുമുണ്ട്. നിലവിൽ 22 ലക്ഷം ടിൻ അരവണ സ്റ്റോക്കുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിർദ്ദേശം ഉള്ളതിനാൽ 10 ലക്ഷം ടിൻ അവരണകൂടി വിറ്റുപോയാൽ മാത്രമേ ഇനി ഉത്പാദനം വർദ്ധിപ്പിക്കേണ്ടതുള്ളൂ എന്നതാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. അതിനാൽ അരവണ യൂണിറ്റിന്റെ പ്രവർത്തനം പൂർണമായും നിറുത്തിവയ്ക്കുന്നത് ഒഴിവാക്കാനായി നിലവിൽ 10 കൂട്ട് അരവണ മാത്രമാണ് നിർമ്മിച്ച് ടിന്നിലടക്കം ചെയ്യുന്നത്. ഒരു കൂട്ടിൽ 1000 ടിൻ അരവണയാണ് ദേവസ്വം ബോർഡിന്റെ കണക്ക്.
കഴിഞ്ഞ സീസണിൽ പത്ത് ദിവസം പിന്നിട്ടപ്പോൾ അരവണയിലൂടെ മാത്രം 17 കോടി രൂപയുടെ വരുമാനമാണുണ്ടായിരുന്നത്. ഇത് ഇപ്പോൾ 7.50 കോടിയായി ചുരുങ്ങി. അപ്പം, അരവണ എന്നിവയുടെ വില്പന ഉയർത്തുക എന്ന ലക്ഷ്യത്തോടെ അന്നദാന മണ്ഡപത്തിനുമുന്നിലും രണ്ട് കൗണ്ടറുകൾ കൂടി കഴിഞ്ഞ ദിവസം തുറന്നിരുന്നു.
മുൻ വർഷത്തെ പ്രതിദിന അരവണ
വിറ്റുവരവ് :1.50 കോടി - 2 കോടി
ഇപ്പോഴത്തെ പ്രതിദിന
വിറ്റുവരവ്: 40 - 60 ലക്ഷം
മൊത്തവരുമാനത്തിലും ഇടിവ്
ശബരിമലയിലെ കഴിഞ്ഞ വർഷത്തെ
ശരാശരി പ്രതിദിന വരുമാനം: 3.50- 4 കോടി
ഇപ്പോഴത്തെ ശരാശരി
പ്രതിദിന വരുമാനം :1.25 - 1.50 കോടി