ശബരിമല : കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞ തീർത്ഥാടകരുടെ എണ്ണത്തിൽ പ്രകടമായ വർദ്ധന. സീസൺ തുടങ്ങി ഇതാദ്യമാണ് തീർത്ഥാടകരുടെ വരവിൽ ക്രമമായി ഉയർച്ച കണ്ടത്. ഇന്നലെ അൻപതിനായിരത്തിലധികം തീർത്ഥാടകർ മലചവിട്ടിയതായാണ് ഒൗദ്യോഗിക കണക്ക്. പുലർച്ചെ മുതൽ തുടങ്ങിയ തീർത്ഥാടകരുടെ വരവ് വൈകുന്നേരത്തോടെ വീണ്ടും വർദ്ധിച്ചു. ഇന്നലെ വൈകിട്ട് നടതുറന്നപ്പോഴേക്കും ഇതാദ്യമായി സന്നിധാനത്തെ വലിയ നടപ്പന്തലിലെ രണ്ട് വരികളിൽ തീർത്ഥാടകർ നിറഞ്ഞു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് 85 ശതമാനവും. തമിഴ്നാട്ടിൽ നിന്ന് കൂടുതൽ തീർത്ഥാടക വാഹനങ്ങൾ എത്തുന്നതായി തമിഴ്നാട് ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ട് സന്നിധാനം പൊലീസിന് ലഭിച്ചു. വരും ദിവസങ്ങളിലും ഇത് തുടരാനാണ് സാദ്ധ്യത. കഴിഞ്ഞ നാല് ദിവസങ്ങളിൽ വെള്ളിയാഴ്ചയായിരുന്നു ഏറ്റവുമധികം തീർത്ഥാടകർ എത്തിയത്. 42,684. വ്യാഴാഴ്ച ഇത് 4, 260 ഉം, ശനിയാഴ്ച 36,775 ഉം, ഞായറാഴ്ച 28,438 ആയിരുന്നു ഒൗദ്യോഗിക കണക്ക്. രാത്രി വൈകി വന്നവർക്ക് വിരിവയ്ക്കാൻ മേൽക്കൂരയുള്ള വിരിഷെഡുകളിൽ ഇടം ലഭിച്ചില്ല. മുൻ ദിവസങ്ങളിൽ രാവിലെ അനുഭവപ്പെടുന്ന തിരക്ക് 10 മണിയോടെ ശമിക്കുകയായിരുന്നു പതിവ്. മിക്ക ദിവസങ്ങളിലും വലിയ നടപ്പന്തൽ കാലിയായിരുന്നു. പതിനെട്ടുപടികളും തൊട്ടുതൊഴുത് കയറാൻ കഴിയുമായിരുന്നു. ഇന്നലെ പതിനെട്ടാംപടി കയറ്റുന്നതിനുള്ള വേഗത വർദ്ധിപ്പിച്ചു. മിനിട്ടിൽ 70 മുതൽ 80 വരെപ്പേരെ പൊലീസ് പടികയറ്റിവിട്ടു. മഴമാറിനിന്നതും ഭക്തർക്ക് അനുഗ്രഹമായി.