k-surendran

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ചിത്തിര ആട്ടവിശേഷദിവസം അൻപത്തിരണ്ട് കാരിയായ ഭക്തയെ തടഞ്ഞ് ആക്രമിച്ച കേസിൽ റാന്നി കോടതി റിമാൻഡു ചെയ്ത ബി.ജെ. പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. അതേസമയം, സുരേന്ദ്രനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റാൻ റാന്നി ജുഡീഷൽ മജിസ്‌ട്രേട്ട് കോടതി അനുമതി നൽകി.

തന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് സുരേന്ദ്രൻ അപേക്ഷ നൽകിയിരുന്നു. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടും സുരേന്ദ്രന് അനുകൂലമായതിനാലാണ് സെൻട്രൽ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്.

കൊട്ടാരക്കര സബ് ജയിലിൽ നിന്നു കണ്ണൂർ കോടതിയിലെ കേസിൽ ഹാജരാക്കാൻ കൊണ്ടുപോയ സുരേന്ദ്രനെ മടക്കയാത്രയിൽ ഇന്നലെ രാത്രി തൃശൂർ ജയിലിലാക്കി. ഇന്നു അവിടെ നിന്നു കൊട്ടാരക്കര സബ് ജയിലിൽ ഉച്ചയോടെ എത്തിച്ചശേഷം റാന്നി കോടതിയുടെ ജയിൽ മാറ്റ ഉത്തരവ് ഹാജരാക്കും. തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകും.

വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുള്ള കേസിൽ ഡിസംബർ ആറുവരെയാണ് റാന്നി ഗ്രാമന്യായാലയ കോടതി റിമാൻഡ് ചെയ്തത്. പിന്നീട് റാന്നി ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതേ കേസിലെ ഒന്നാംപ്രതി റിമാൻഡിൽ കഴിയുന്ന ഇലന്തൂർ സ്വദേശി സൂരജിന്റെ ജാമ്യാപേക്ഷയിൽ ജില്ലാ കോടതിയിൽ വാദം പൂർത്തിയായി. 29ന് ഈ കേസിൽ വിധിപറയും.