പമ്പ: ശബരിമലയിലെ നിരോധനാജ്ഞ ഇൗ മാസം 30വരെ നീട്ടി. പമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇലവുങ്കൽ, നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ഇതു ബാധകം. ഭക്തർ ഒറ്റയ്ക്കും കൂട്ടായും ശരണം വിളിക്കുന്നതിനും ദർശനം നടത്തുന്നതിനും തടസമില്ല.
ശബരിമലയിലും പരിസര മേഖലയിലും ക്രമസമാധാന പ്രശ്നം നിലനിൽക്കുന്നതായി ശബരിമല സ്പെഷ്യൽ ഒാഫീസറും ജില്ലാ പൊലീസ് മേധാവിയും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നിരോധനാജ്ഞ നീട്ടിയത്.
യുവതി പ്രവേശന വിധിയെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ 92കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച ശബരിമലയിൽ പ്രതിഷേധക്കാർ പല ഭാഗങ്ങളിലും കേന്ദ്രീകരിക്കാൻ സാദ്ധ്യതയുളളതിനാൽ അക്രമസംഭവങ്ങളുണ്ടായേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
മണ്ഡലകാല ആഘോഷങ്ങൾക്ക് നട തുറന്നശേഷം തുടർച്ചയായി മൂന്നാം തവണയാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. നവംബർ 16 മുതൽ 22വരെയും പിന്നീട് 22 മുതൽ 26വരെയും നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. നിരോധനാജ്ഞ ലംഘിച്ച് നൂറിലധികംപേർ കഴിഞ്ഞ ദിവസം സന്നിധാനം വാവരു നടയ്ക്ക് സമീപം പ്രതിഷേധിച്ചിരുന്നു. നിലക്കലിൽ എട്ട് ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
തുലാമാസ പൂജയ്ക്ക് നട തുറന്ന ഒക്ടോബർ 17 മുതൽ 22വരെയും ചിത്തിര ആട്ടത്തിന് നട തുറന്ന ഇൗ മാസം ആറിനും ഏഴിനും നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു.