bini

പത്തനംതിട്ട : മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടതിന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം പാലാരിവട്ടത്തെ ബി.എസ്.എൻ.എൽ ഓഫീസിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 1.30ന് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത് പത്തനംതിട്ട ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

രഹ്നയുടെ സംഘടനാബന്ധം, ശബരിമല സന്ദർശനത്തിന് പിന്നിലെ ലക്ഷ്യം തുടങ്ങിയ വിവരങ്ങൾ അന്വേഷിക്കാൻ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകുമെന്ന് പത്തനംതിട്ട സി.ഐ സുനിൽ കുമാർ പറഞ്ഞു. അറസ്റ്റിനെ തുടർന്ന് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥയായ രഹ്നയെ സസ്‌പെൻഡ് ചെയ്തു.

ഒക്ടോബർ 20ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ്. പൊലീസ് അന്വേഷണം വൈകിപ്പിക്കുന്നുവെന്ന് കാട്ടി രാധാകൃഷ്ണ മേനോൻ ഹൈക്കോടതിയിൽ സമർപ്പിച്ച കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

ധരിച്ചിരുന്ന ശബരിമല തീർത്ഥാടകരുടേതിന് സമാനമായ രീതിയിലുള്ള കറുപ്പ് വസ്ത്രം മുട്ടിന് മുകളിൽ ഉയർത്തി ഇരിക്കുന്ന ചിത്രം രഹ്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതാണ് പരാതിക്ക് കാരണമായത്. മത സ്പർദ്ധ വളർത്തുന്നതിനാണ് കേസ്.

രഹ്നയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് അറസ്റ്റ്.

വൈകിട്ട് 4.30ന് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിച്ച രഹ്ന ഫാത്തിമയെ പ്രതിഷേധക്കാർ കൂകി വിളിച്ചാണ് എതിരേറ്റത്.
തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നപ്പോൾ രഹ്ന ഫാത്തിമ ദർശനത്തിനെത്തിയത് വിവാദമായിരുന്നു.

നിശബ്ദയാക്കാനുള്ള ശ്രമം: രഹ്ന ഫാത്തിമ

പ്രതികരിക്കുന്ന സ്ത്രീകളെ നിശബ്ദയാക്കാനുള്ള ശ്രമമാണ്. ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നു. അത് തെളിയിക്കാൻ കഴിയും. ഫേസ് ബുക്ക് ചിത്രം കണ്ട് കാമം തോന്നുന്നത് എന്റെ തെറ്റല്ല. ഇപ്പോൾ 32 വയസുണ്ട്, ജനിച്ചതും വളർന്നതും എറണാകുളത്താണ്. അവിടെ ജോലി ചെയ്ത് കുടുംബമായി താമസിക്കുന്നു. പൊലീസ് അറിയിച്ചിരുന്നെങ്കിൽ സ്റ്റേഷനിൽ ഹാജരാകുമായിരുന്നു.