ചെങ്ങന്നൂർ: പള്ളിപ്പടി പറയരു കാലാ റോഡ് പൂർണമായി തകർന്നിട്ടും പരിഹാരം കാണാൻ നടപടിയില്ല. പറയരു കാലാ ദേവീ ക്ഷേത്രം, പത്തിശേരിൽ ക്ഷേത്രം, പറയുകാല, വട്ടമുകടി സ്‌കൂളുകൾ, അരീക്കര എസ്.എൻ.ഡി.പി സ്‌കൂൾ, അരീക്കര എസ്.എൻ ഗ്രന്ഥശാല, പുത്തൻവീട്ടിൽ, ചിത്തശേരിൽ, പടിഞ്ഞാറ്റക്കര കുടുംബക്ഷേത്രങ്ങൾ, കൊല്ലിരിക്കൽ, പനംതിട്ട, ഐത്തിട്ട മലനടകൾ, എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണിത്. മദ്ധ്യകേരളത്തിലെ പ്രധാന കെട്ടുകാഴ്ചകളിലൊന്നായ പറയരുകാല കെട്ടുകാഴ്ച കടന്ന് പോകുന്നതും ഈ റോഡിലൂടെയാണ്. പഞ്ചായത്തിലെ നാല്, എട്ട് വാർഡുകളിലായി സ്ഥിതി ചെയ്യുന്ന ഈ റോഡ് പുനരുദ്ധരിക്കാത്തതിന്റെ കാരണം ജനപ്രതിനിധികളുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡുകളുടെ പ്രാധാന്യം പഞ്ചായത്ത് കമ്മറ്റിയിൽ ബോദ്ധ്യപ്പെടുത്തി പണം വകയിരുത്തിക്കാൻ ജനപ്രതിനിധികൾ തയാറാകാത്തത് പ്രദേശത്തെ വോട്ടർമാരോട് കാണിക്കുന്ന വിവേചനമാണെന്നും നാട്ടുകാർ പറയുന്നു.