പത്തനംതിട്ട: ശബരിമലയിലെ ചിത്തിര ആട്ടവിശേഷത്തിനെത്തിയ തീർത്ഥാടകയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം കേട്ടു. നാളെ വിധി പറയും. സുരേന്ദ്രനായി അഡ്വ. കെ. രാംകുമാറും പ്രോസിക്യൂഷനായി അഡ്വ. എ.സി. ഈപ്പനും ഹാജരായി. ജില്ലാ സെഷൻസ് ജഡ്‌ജി ജോൺ കെ. ഇല്ലിക്കാടനാണ് വാദം കേട്ടത്.
സുരേന്ദ്രനെതിരായ നരഹത്യാ ഗൂഢാലോചന കുറ്റം നിലനിൽക്കുന്നതല്ലെന്നും ഭക്തനായിട്ടാണ് ശബരിമലയിലെത്തിയതെന്നും രാംകുമാർ വാദിച്ചു. സുരേന്ദ്രന്റെ പേരിൽ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ടെന്നും ഇത് സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിക്കുകയാണെന്നുമായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. ഒന്നാം പ്രതി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഗൂഢാലോചന വ്യക്തമാകുന്നുണ്ട്. ഇവർ സന്നിധാനത്ത് പലപ്പോഴായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പി സർക്കുലർ അനുസരിച്ചാണ് നേതാക്കൾ തമ്പടിച്ചതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
കെ. സുരേന്ദ്രനെ അനധികൃതമായി തടങ്കലിൽ വച്ചു
സുരേന്ദ്രന് ജാമ്യം അനുവദിച്ചിട്ടും അനധികൃതമായി കരുതൽ തടങ്കലിൽ വച്ചത് കോടതിയലക്ഷ്യമാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും കെ. രാംകുമാർ വാദിച്ചു. എന്നാൽ അറസ്റ്റ് നിയമപ്രകാരമാണെന്നും ജാമ്യത്തിലിറങ്ങാൻ കഴിയാത്തത് ഉത്തരവ് ജയിലിൽ എത്തിക്കാത്തതിനാലാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.