saumuya

ചെങ്ങന്നൂർ : തമിഴ് പറഞ്ഞ് ക്ലാസ് മുറിയിലേക്ക് കടന്നു വന്ന ബാലിക കൊഞ്ചം, കൊഞ്ചമായി മലയാളം പറഞ്ഞ് തുടങ്ങിയിട്ട് ആറ് മാസമായി. പൊതു വിദ്യാഭ്യാസത്തിന്റെ പൊൻതൂവലായി മാറുന്ന പദ്ധതിയായ മലയാളത്തിളക്കത്തിന്റെ മകളാണിവൾ. ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്​കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയും തമിഴ്‌​നാട് സ്വദേശിനിയുമായ വി.സൗമ്യയാണ് മലയാളം തെറ്റില്ലാതെ വായിക്കാൻ പഠിപ്പിക്കുന്ന പദ്ധതിയിലെ താരം.
തെങ്കാശിക്കടുത്തുള്ള നാടാർപെട്ടി ഗ്രാമത്തിലെ വേൽമുരുകൻ​ - രമ്യ ദമ്പതിമാരുടെ മൂത്തമകളാണ് സൗമ്യ. അഞ്ചാം ക്ലാസ് വരെ ടി.ഡി.ടി.ഡി.എ സ്​കൂളിൽ തമിഴ് മീഡിയത്തിൽ പഠിച്ചു. കഴിഞ്ഞ വർഷം ചെറിയനാട് പാത്ര കച്ചവടത്തിനായി എത്തിയതാണ് സൗമ്യയുടെ കുടുംബം. അദ്ധ്യയന വർഷം തുടങ്ങിയപ്പോൾ ദേവസ്വം ബോർഡ് സ്‌കൂളിൽ ആറാം ക്ലാസിൽ ചേർന്നു. ആറ് മാസം കൊണ്ടാണ് അദ്ധ്യാപകരുടെയും സഹപാഠികളുടെയും ശിക്ഷണത്തിലൂടെ മലയാളം പഠിച്ചത്. തുടർന്ന് സ്മാർട്ട് ക്ലാസ് റൂമിൽ ആധുനിക സംവിധാനങ്ങളുടെ സഹായത്താൽ നടന്ന മലയാളത്തിളക്കം വായിക്കാനുള്ള പ്രാപ്തി നൽകി.

കഴിഞ്ഞ ദിവസം സ്​കൂൾ അസംബ്ലിയിൽ സൗമ്യ മലയാളം പുസ്തകം തെറ്റുകൂടാതെ വായിച്ചതോടെ മലയാളത്തിളക്കത്തിന്റെ വിജയപ്രഖ്യാപനം പി.ടി.എ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ നായർ നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ജയലക്ഷ്മി, പ്രഥമാദ്ധ്യാപിക ആശ വി.പണിക്കർ, അദ്ധ്യാപകരായ ജി.ശ്രീലേഖ, എസ്.സുമാദേവി, ജി.രാധാകൃഷ്ണൻ, മീര രാമകൃഷ്ണൻ, ബീന കല്യാൺ, സ്മിത ചന്ദ്രൻ, എസ്. പത്മകുമാരി, ശ്രീലേഖ കുറുപ്പ്, എ.കെ ശ്രീനിവാസൻ, രേഖ .ആർ , എൻ. പി ആശാദേവി എന്നിവർ പങ്കെടുത്തു. സൗമ്യയുടെ ഇളയ സഹോദരങ്ങളായ അക്ഷയ മൂന്നാംക്ലാസിലും സുളക്ഷൻ ഒന്നാം ക്ലാസിലും ചെറിയനാട് ഗവ.ജെ.ബി.എസിൽ പഠിക്കുന്നു.