vaidikar-

തിരുവല്ല: എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയനിലെ ശാഖകളിലെ വൈദികരെ ഉൾപ്പെടുത്തി ശ്രീനാരായണ വൈദികസംഘം രൂപീകരിച്ചു.ഗുരുദേവ ക്ഷേത്രങ്ങളിൽ വൈദികകാര്യങ്ങൾ ചിട്ടയായി നടത്തുക, ഭവനങ്ങളിലെ വിവാഹം, ഗൃഹപ്രവേശം, മരണാനന്തര കർമ്മങ്ങൾ തുടങ്ങിയ ആചാരനുഷ്ഠാനങ്ങൾ ക്രമീകരിച്ച് ചിട്ടയായി നടത്തുക, ഉത്തമന്മാരായ വൈദികരെ ശാസ്ത്രീയമായി പൂജാകാര്യങ്ങൾ പഠിപ്പിക്കുക. ശ്രീനാരായണ ധർമ്മാനുസൃതമായി ശാഖാംഗങ്ങളുടെ ഭവനങ്ങളിൽ ആചാരനുഷ്ഠാനങ്ങൾ, പ്രാർത്ഥനാ ചടങ്ങുകൾ ചിട്ടപ്പെടുത്തുക എന്നീ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ വൈദിക സംഘം തീരുമാനമെടുത്തു. യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ ഭദ്രദീപം തെളിച്ചു. ആദ്ധ്യാത്മീക കാര്യങ്ങളിൽ ശ്രദ്ധിച്ച്‌ ഗുരുദേവ ഭക്തി വർദ്ധിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ വൈദീകർ ഊന്നൽ നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുദേവക്ഷേത്രങ്ങളിലെ നിത്യപൂജാ സമ്പ്രദായം, ആചാരനുഷ്ഠാനങ്ങൾ എന്നിവയിൽ ഗുരുധർമ്മം പൂർണമായി അനുഷ്ഠിക്കാൻ സാധിക്കണമെന്ന് യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ പറഞ്ഞു. ശ്രീനാരായണ വൈദീക സംഘം ജില്ലാ പ്രസിഡന്റ് ഷാജി ശാന്തി മുഖ്യപ്രഭാക്ഷണം നടത്തി. ഭാരവാഹികളായി ദീപു ശാന്തി (കുന്നന്താനം) ചെയർമാനായും സുജിത്ത് ശാന്തി (ഓതറ) കൺവീനറായും ഷാജി ശാന്തി രക്ഷാധികാരിയായും എട്ടംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.