nss

ചെങ്ങന്നൂർ: സമദൂരം എൻ.എസ്.എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കിലും ആചാരാനുഷ്ഠാനങ്ങൾ തകർക്കൻ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന് എൻ.എസ്.എസ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻനായർ പറഞ്ഞു. പുലിയൂർ 774-ാം നമ്പർ ശ്രീകൃഷ്ണവിലാസം കരയോഗ മന്ദിരത്തിന്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ എന്ത് തെറ്റാണ് ചെയ്തതെന്ന് സർക്കാർ വ്യക്തമാക്കണം. ഒന്നിന് പിറകേ ഒന്നായി കേസുകൾ ചുമത്തി അദ്ദേഹത്തെ ജയിലിൽ അടച്ചിരിക്കുകയാണ്. ഇരുമുടിയുമായി എത്തിയ അദ്ദേഹത്തെ ദർശനത്തിനാണ് അനുവദിക്കേണ്ടിയിരുന്നതെന്ന് നരേന്ദ്രനാഥൻനായർ പറഞ്ഞു. താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ.സുകുമാരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. മന്നത്ത് പത്മനാഭന്റെ ഛായചിത്രം യൂണിയൻ വൈസ് പ്രസിഡന്റ് പി. നാരായണൻ നായർ അനാച്ഛാദനം ചെയ്തു. യൂണിയൻ സെക്രട്ടറി ബി.കെ.മോഹൻദാസ് എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് മോഹൻ സി. നായർ, സെക്രട്ടറി വി.കെ. പുരഷോത്തമൻപിള്ള, സംഘാടകസമിതി ജനറൽ കൺവീനർ ഡി. നാഗേഷ്‌കുമാർ, വനിതാ സമാജം പ്രസിഡന്റ് ഇ.കെ. ശാന്തകുമാരിയമ്മ, സെക്രട്ടറി സ്മിത രാജേഷ്, കെ. രാമകൃഷ്ണൻനായർ എന്നിവർ പങ്കെടുത്തു.