പത്തനംതിട്ട: പന്തളം, പത്തനംതിട്ട നഗരസഭകളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം വന്നപ്പോൾ മൂന്നു മുന്നണികളും ഞെട്ടി. പത്തനംതിട്ട കുലശേഖരപതി വാർഡിൽ യു.ഡി.എഫ് വിമതനായി മത്സരിച്ച അൻസാർ മുഹമ്മദ് 251 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത് ഇടതു,വലതു മുന്നണികളിൽ അമ്പരപ്പുണ്ടാക്കി. സി.പി.എമ്മുകാരനായ കൗൺസിലർ വി.എ. ഷാഷഹാൻ പ്രതിനിധീകരിച്ച വാർഡിൽ, അദ്ദേഹത്തിന്റെ കോൺഗ്രസുകാരനായ മകൻ അൻസാർ മുഹമ്മദ് യു.ഡി.എഫ് വിമതനായി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു. പോൾ ചെയ്ത 947 വോട്ടിൽ അൻസാറിന് 443 വോട്ടു ലഭിച്ചു. യു.ഡി.എഫിൽ മുസ്ളീം ലീഗിന്റെ സ്ഥിരം സീറ്റായ ഇവിടെ സ്ഥാനാർത്ഥി അബ്ദുൾകരിം തെക്കേത്തിന് ലഭിച്ചത് 192 വോട്ടാണ്. എസ്.ഡി.പി.എെയുടെ ബുഹാരി 163 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തി. നാലാം സ്ഥാനത്തേക്കു പിന്തളളപ്പെട്ട സി.പി.എം സ്ഥാനാർത്ഥി അൻസാരി എസ്. അസീസിന് 142 വോട്ടുകളാണ് ലഭിച്ചത്.
അന്തരിച്ച വി.എ.ഷാജഹാന്റെ കുടുംബത്തോട് വോട്ടർമാരിലുണ്ടായ സഹതാപമാണ് പാർട്ടി വോട്ടുകൾ നഷ്ടപ്പെടാൻ കാരണമെന്ന് സി.പി.എം വിലയിരുത്തുന്നു. ഏഴ് വോട്ടുകൾ മാത്രം ലഭിച്ച ബി.ജെ.പിയുടെ നില പരിതാപകരമായി. മുസ്ളീം ഭൂരിപക്ഷ മേഖലയാണെങ്കിലും സ്ഥാനാർത്ഥി മധുലാലിന് കുടുംബാംഗങ്ങളുടെയും പാർട്ടിയുടെയും വോട്ടുകൾ ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
ശബരിമല സമരത്തിന് വേദിയായ പന്തളത്ത് സിറ്റിംഗ് വാർഡ് നഷ്ടപ്പെട്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടത് സി.പി.എമ്മിന് തിരിച്ചടിയായി. കൗൺസിലർ ജാൻസി ബീഗം സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എസ്.ഡി.പി.എെയിലെ എം.ആർ.ഹസീന ഒൻപത് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി റസീന ബീവിയെയാണ് പരാജയപ്പെടുത്തിയത്. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചയാണ് സി.പി.എമ്മിന്റെ പരാജയത്തിനു കാരണമായി പറയുന്നത്.വാർഡിൽ എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർത്ഥി രജനിക്ക് 12 വോട്ടുകൾ മാത്രം ലഭിച്ചത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി.
>>>>
സ്ഥാനാർത്ഥിയും വോട്ടും
പത്തനംതിട്ട കുലശേഖരപതി വാർഡ്
പോൾ ചെയ്തത് 947
1. അൻസാർ മുഹമ്മദ് സ്വതന്ത്രൻ 443 (ഭൂരിപക്ഷം 251)
2. അബ്ദുൾകരിം തെക്കേത്ത് മുസ്ളീം ലീഗ് 192
3. ബുഹാരി എസ്.ഡി.പി.എെ 163
4. അൻസാരി എസ്. അസീസ് സി.പി.എം 142.
5. മധുലാൽ ബി.ജെ.പി 7
പന്തളം കടയ്ക്കാട് വാർഡ്
പോൾ ചെയ്തത് 804
1. എം.ആർ. ഹസീന എസ്.ഡി.പി.എെ 276 (ഭൂരിപക്ഷം 9)
2. റസീന ബീവി കോൺ. 267
3. റോസീന ബീഗം സി.പി.എം 249
4. രജനി എൻ. ഡി.എ സ്വത. 12