election

 ബി.ജെ.പിക്ക് ലഭിച്ചത് 7, 12 വോട്ടുകൾ

പത്തനംതിട്ട: പന്തളം, പത്തനംതിട്ട നഗരസഭകളിലെ ഉപതിരഞ്ഞെടുപ്പുകളിൽ സിറ്റിംഗ് വാർഡുകൾ നഷ്ടപ്പെട്ട സി.പി.എം മൂന്നും നാലും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. അതേസമയം ബി.ജെ.പിക്ക് പത്തനംതിട്ടയിൽ ഏഴും പന്തളത്ത് പന്ത്രണ്ടും വോട്ടുകളാണ് ലഭിച്ചത്.

പത്തനംതിട്ട കുലശേഖരപതി വാർഡിൽ യു.ഡി.എഫ് വിമതനും കെ.എസ്.യു ജില്ലാ പ്രസിഡന്റുമായ അൻസാർ മുഹമ്മദാണ് വിജയിച്ചത്. 251 വോട്ടിന്റെ ഭൂരിപക്ഷം. വാർഡിലെ സി.പി.എം കൗൺസിലറായിരുന്ന അന്തരിച്ച വി.എ. ഷാജഹാന്റെ മകനാണ് അൻസാർ.

യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിംലീഗിലെ അബ്ദുൾകരീം തെക്കേത്ത് രണ്ടാമതും (192 വോട്ട്) എസ്.ഡി.പി.ഐയിലെ ബുഹാരി സലീം മൂന്നാമതുമെത്തി (163 വോട്ട്). സി.പി.എം സ്ഥാനാർത്ഥി അൻസാരി എസ്. അസീസ് 142 വോട്ടുകളുമായി നാലാം സ്ഥാനത്താണ്. ബി.ജെ.പിയിലെ മധുലാലിന് ഏഴ് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. മുസ്ളിംലീഗിന്റെ സ്ഥിരം സീറ്റായിരുന്ന വാർഡ് കോൺഗ്രസിന് വിട്ടുകൊടുക്കാത്തതിനാൽ അൻസാർ വിമത സ്ഥാനാർത്ഥിയാവുകയായിരന്നു.

പന്തളം കടയ്ക്കാട് വാർഡ് സി.പി.എമ്മിൽ നിന്ന് എസ്.ഡി.പി.എെ പിടിച്ചെടുത്തു. സി.പി.എം കൗൺസിലർ ജാൻസി ബീഗം സർക്കാർ ജോലി കിട്ടിയതിനാൽ രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എസ്.ഡി.പി.എെയിലെ എം.ആർ. ഹസീന (276 വോട്ട്) യു.ഡി.എഫ് സ്ഥാനാർത്ഥി റസീന ബീവിയെ (267 വോട്ട്) ഒൻപത് വോട്ടിന് തോല്പിച്ചു. മൂന്നാം സ്ഥാനത്തായ സി.പി.എമ്മിലെ റൊസീന ബീഗത്തിന് 249 വോട്ട് ലഭിച്ചു. എൻ.ഡി.എ സ്വതന്ത്ര രജനിക്ക് 12 വോട്ടാണ് ലഭിച്ചത്. പത്തനംതിട്ടയിലും പന്തളത്തും സ്വാധീനമില്ലാത്ത മുസ്ളിം ഭൂരിപക്ഷ മേഖലകളായതിനാൽ വോട്ട് ലഭിച്ചില്ളെന്നാണ് ബി.ജെ.പി വാദം.