പത്തനംതിട്ട: ചിത്തിര ആട്ട ദിവസം സന്നിധാനത്ത് 52കാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പൊലീസ് പ്രതിയാക്കിയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. ജാമ്യം അനുവദിച്ചാൽ കേസന്വേഷണത്തെ ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് ജില്ലാ സെഷൻസ് കോടതി ഹർജി തള്ളിയത്. അഡ്വ. രാംകുമാറാണ് സുരേന്ദ്രന് വേണ്ടി ഹർജി നൽകിയത്. ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
കോഴിക്കോട്ട് രജിസ്റ്റർ ചെയ്ത മറ്റ് രണ്ടു കേസുകളിൽ കെ. സുരേന്ദ്രന് ജാമ്യം അനുവദിച്ചു.
കേന്ദ്ര ബഡ്ജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് 2013ൽ കോഴിക്കോട്ട് ട്രെയിൻ തടഞ്ഞ കേസിലും, 2016 ൽ സെൻട്രൽ ലൈബ്രറി പരിസരത്ത് അനുമതിയില്ലാതെ പ്രതിഷേധ സമരം നടത്തിയ കേസിലുമാണ് ജാമ്യം ലഭിച്ചത്. സ്വന്തം പേരിലും രണ്ടുപേരുടെ ആൾജാമ്യത്തിലുമാണ് കോഴിക്കോട് ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി (ഏഴ്) സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. ജാമ്യഹർജി പരിഗണിക്കേണ്ട ജെ.എഫ്.സി.എം കോടതി (ഒന്ന്) മജിസ്ട്രേട്ട് അവധിയായതിനാൽ വാദംകേൾക്കൽ ജെ.എഫ്.സി.എം (ഏഴ്) കോടതിയിലേക്ക് മാറ്റുകയായിരുന്നു.
പിണറായി വിജയനും സംസ്ഥാന സർക്കാരും പകപോക്കുകയാണ്. മണ്ഡലകാലം മുഴുവൻ ജയിലിൽ ഇടാനാണ് ഗൂഢാലോചന നടത്തുന്നത്. പൗരാവകാശങ്ങൾ പോലും ലംഘിച്ച് കൊണ്ട് സർക്കാരും പൊലീസും ക്രൂരമായാണ് പെരുമാറുന്നത്. മാദ്ധ്യമങ്ങളോട് സംസാരിക്കാൻ പോലും അനുവദിക്കുന്നില്ല.
കെ. സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി