തിരുവല്ല: കഴിഞ്ഞ രണ്ടര വർഷക്കാലം സംസ്ഥാന ജലവിഭവ വകുപ്പിൽ 9600 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതായി മാത്യു ടി. തോമസ് എം.എൽ.എ പറഞ്ഞു. മന്ത്രി സ്ഥാനം രാജിവച്ചശേഷം തിരുവല്ലയിൽ എത്തിയ മാത്യു ടിക്ക് നൽകിയ പൗര സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. തിരുവല്ല നിയോജക മണ്ഡലത്തിൽ സംസ്ഥാന ബഡ്ജറ്റിലൂടെ 600 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. പല പദ്ധതികളും തുടക്കം കുറിച്ചു. മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കും. തിരുവല്ല ബൈപാസിന്റെ എല്ലാ തടസങ്ങളെയും അതിജീവിച്ച് ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. എല്ലാ പ്രധാന റോഡുകളുടെയും പണികൾ തുടരുന്നതിനുള്ള നടപടിയെടുത്തു. എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളം ലഭിക്കുന്നതിനുള്ള നടപടി കൈകൊണ്ടു. എൽ.ഡി.എഫ് പ്രവർത്തകരും പൊതു ജനങ്ങളും നൽകിയ സ്വീകരണത്തിനൊടുവിൽ വൈ.എം.സി.എയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. അഡ്വ.കെ.പ്രകാശ് ബാബു അദ്ധ്യഷനായിരുന്നു. അലക്‌സ് കണ്ണമല, അഡ്വ.രതീഷ്‌കുമാർ, ബാബു പറയത്തുകാട്ടിൽ, അലക്‌സാണ്ടർ കെ. ശാമുവേൽ, പ്രേംജിത് പരുമല, രാജൻ എം. ഈപ്പൻ എന്നിവർ സംസാരിച്ചു.